കാസര്‍കോടിൽ കവര്‍ച്ചാ പരമ്പര : ആളില്ലാത്ത വീടുകളിൽ മോഷണം പതിവാകുന്നു
നീലേശ്വരം: കാസര്‍കോട് ജില്ലയില്‍ കവര്‍ച്ചാ പരമ്പര. ആളില്ലാത്ത വീടുകളിലാണ് മുഖംമൂടി വെച്ച സംഘം കവര്‍ച്ചയ്ക്കായി കയറുന്നത്. ഉപ്പള സോങ്കാലിലും തൃക്കരിപ്പൂരിലും വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. കഴിഞ്ഞ ദിവസവും നെല്ലിക്കട്ടയിലും വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നിരുന്നു.ഉപ്പള സോങ്കാല്‍ പ്രതാപ് നഗറിലെ പ്രവാസിയായ ബദറുല്‍ മുനീറിന്റെ വീട് കുത്തിത്തുറന്നാണ് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചത്. അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കള്ളന്മാര്‍ കൊണ്ടുപോയി. ബദറുല്‍ മുനീറിന്റെ ഭാര്യയും രണ്ടു കുട്ടികളും പിതാവിന്റെ വീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ച വീട്ടുടമയുടെ സഹോദരന്‍ റാഷിദിനെ ആക്രമിച്ചാണ് മുഖംമൂടി സംഘം രക്ഷപ്പെട്ടത്. സിസിടിവിയില്‍ കള്ളന്മാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.തൃക്കരിപ്പൂര്‍ പരത്തിച്ചാലിലെ എംവി രവീന്ദ്രന്റെ വീട് കുത്തിത്തുറന്ന് ആറ് പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയുമാണ് കവര്‍ന്നത്. കുടുംബാംഗങ്ങള്‍ ബംഗളൂരുവിലെ മകളുടെ വീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്. വീട്ടുകാരില്ലാത്ത സമയം നോക്കിയാണ് കവര്‍ച്ച നടന്നത് എന്നതിനാല്‍ ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം നെല്ലിക്കട്ട സാലത്തടുക്കയിലെ യശോദയുടെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണ്ണവും 6200 രൂപയുമാണ് മോഷ്ടിച്ചത്. വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്നാണ് കള്ളന്മാര്‍ അകത്തു കയറിയത്. വീട്ടുകാര്‍ നെക്രാജെയിലെ വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് പോയിരുന്ന സമയത്താണ് മോഷണം നടന്നത്ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കുമ്പള ശാന്തി പള്ളത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണാഭരണങ്ങളും വിദേശ കറന്‍സുകളും കവര്‍ന്നത്. ജില്ലയില്‍ വിവിധ പ്രദേശങ്ങളിലെ വീടുകളില്‍ കവര്‍ച്ച ശ്രമവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.