കനത്ത ചൂടിലും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലും അമര്‍ന്ന് ഐ.ടി നഗരം
ബെംഗളൂരു: കനത്ത ചൂടിലും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലും അമര്‍ന്ന് ഐ.ടി നഗരം.146 ദിവസങ്ങള്‍ക്കിടയില്‍ ഒരു മഴ പോലും ലഭിക്കാതെ വറ്റി വരണ്ടിരിക്കുകയാണ് ഇന്ത്യയിലെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നിരീക്ഷണം. ഏറ്റവുമൊടുവിലായി നഗരത്തില്‍ മഴ പെയ്തത് കഴിഞ്ഞ വര്‍ഷം നവംബര്‍ 21നായിരുന്നു. ഇതിന് പിന്നാലെ ജനുവരി 11ഓടെ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നുവെങ്കിലും മഴ കനിഞ്ഞില്ല. ഒറ്റപ്പെട്ട മഴ പോലുമില്ലാതെ തുടര്‍ച്ചയായ 146 ദിവസങ്ങളാണ് ബെംഗളൂരുവില്‍ കടന്ന് പോയത്.മൂന്ന് കാരണങ്ങളാണ് ബെംഗളുരുവില്‍ മഴയെത്താത്തതിന് കാരണമായി കാലാവസ്ഥാ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. എല്‍ നിനോ പ്രതിഭാസം മൂലം രൂക്ഷമായ ചൂട് വടക്കന്‍ മേഖലയിലേക്ക് നീങ്ങുന്നതും, അന്തരീക്ഷത്തില്‍ വ്യതിയാനങ്ങളൊന്നും സംഭവിക്കാത്തത് കൊണ്ട് മേഘങ്ങള്‍ രൂപം കൊള്ളാന്‍ തടസമാകുന്നതും, 2023ലെ വരള്‍ച്ചാ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മണ്ണില്‍ ജലാംശം വളരെ കുറഞ്ഞതുമാണ് ബെംഗളൂരുവില്‍ മഴ കുറവിന് കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വിലയിരുത്തുന്നു.ബെംഗളുരുവില്‍ മാത്രമല്ല രാജ്യത്തിന്റെ എല്ലാം ഭാഗങ്ങളിലും താപനില ഉയര്‍ന്ന നിലയില്‍ തന്നെയാണുള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് അന്തരീക്ഷ താപനില രാജ്യത്തുള്ളത്. എന്നാല്‍ ബുധനാഴ്ച മുതല്‍ കര്‍ണാടകയുടെ തെക്കന്‍ മേഖലയിലേക്ക് മഴയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിശദമാക്കുന്നത്. കഴിഞ്ഞ 42 വര്‍ഷങ്ങളെ അപേക്ഷിച്ച് ബെംഗളുരുവിലെ ശരാശരി താപനിലയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവാണ് സംഭവിച്ചിട്ടുള്ളത്. ഇത് ജല ശ്രോതസുകളേയും സാരമായി ബാധിച്ചിട്ടുണ്ട്. ഭൂര്‍ഗഭ ജലനിരപ്പിനേയും കനത്ത ചൂട് സാരമായി ബാധിച്ചിട്ടുണ്ട്.