മൂന്നര ലക്ഷത്തോളം കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ വിഹിതവും നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് പ്രതികാരം ചെയ്യുകയാണെന്ന് സിപിഎം
തിരുവനന്തപുരം: അങ്കണവാടികളിലെ മൂന്നര ലക്ഷത്തോളം കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ വിഹിതവും നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് പ്രതികാരം ചെയ്യുകയാണെന്ന് സിപിഎം. രാവിലത്തെയും വൈകിട്ടത്തെയും ഭക്ഷണം, ആഴ്ചയില്‍ രണ്ടുദിവസം പാല്‍, മുട്ട എന്നിവ സംസ്ഥാന സര്‍ക്കാര്‍ മുടങ്ങാതെ നല്‍കുമ്പോഴാണ് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കൊച്ചുകുഞ്ഞുങ്ങളെയും കരുവാക്കുന്നത്. ആകെ നല്‍കിയിരുന്ന ഉച്ചഭക്ഷണത്തിനുള്ള വിഹിതം കേന്ദ്രം നല്‍കാതായിട്ട് രണ്ടുവര്‍ഷം കഴിഞ്ഞവെന്നും സിപിഎം ആരോപിച്ചു.അങ്കണവാടികള്‍ ഉള്‍പ്പെടെ ഭാഗമായ സംയോജിത ശിശുവികസന പദ്ധതിക്ക് (ഐസിഡിഎസ്) 202223, 202324 സാമ്പത്തിക വര്‍ഷങ്ങളില്‍ ഒരു രൂപപോലും കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് നല്‍കിയിട്ടില്ല. 100 ശതമാനം കേന്ദ്ര വിഹിതവുമായി 1975ല്‍ ആരംഭിച്ച പദ്ധതിയോടാണ് ഈ സമീപനം. ചെലവ് പിന്നീട് 90:10 എന്ന ക്രമത്തില്‍ കേന്ദ്ര, സംസ്ഥാന വിഹിതമായി പുനര്‍നിശ്ചയിച്ചു. പിന്നീട് 75:25 എന്നാക്കി. രണ്ടാം യുപിഎ സര്‍ക്കാര്‍ 2013ല്‍ 60:40 എന്ന് മാറ്റി. ബിജെപി അധികാരമേറ്റതോടെ കേന്ദ്ര വിഹിതം പൂര്‍ണമായും നിര്‍ത്തി. നിലവില്‍ 100 ശതമാനവും കേരളം വഹിക്കുന്നു.