ഇന്ത്യയില്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ ഇന്ത്യയില്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്. തൊഴിലില്ലാത്തവരില്‍ 83 ശതമാനവും യുവാക്കളെന്ന കണക്കുകളാണ് പുറത്ത് വന്നത്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയും ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹ്യുമന്‍ ഡെവലപ്‌മെന്റും ചേര്‍ന്ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പ്രചാരണത്തില്‍ ആയുധമാക്കുകയാണ്.ഇന്ത്യയുടെ തൊഴില്‍ മേഖലിലെ യഥാര്‍ത്ഥ അവസ്ഥ വരച്ചിടുന്നതാണ് ഇന്ത്യ അണ്‍എംപ്ലോയ്മെന്റ് റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍. 2000 മുതല്‍ 2022 വരെയുള്ള കണക്കാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. തൊഴിലില്ലായ്മ അനുഭവിക്കുന്നവരില്‍ 83% ശതമാനവും യുവാക്കളാണെന്നും ഇതില്‍ പത്താം ക്ലാസിന് മുകളില്‍ വിദ്യാഭ്യാസം നേടിയവര്‍ മാത്രം 65.7 ശതമാനം പേരുണ്ടെന്നുമാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 2018 വരെയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും കൊഴിഞ്ഞു പോകുന്ന പ്രവണതയും മാറ്റമില്ലാതെ തുടരുന്നുണ്ട്. രാജ്യത്ത് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലിയുടെ നിരക്കിന് കാര്യമായ മാറ്റമുണ്ടായിട്ടില്ല. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലിയെക്കാള്‍ കുറഞ്ഞ കൂലി ലഭിക്കുന്നു എന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനെതിരെ അയുധമാക്കുകയാണ്. രണ്ട് കോടി തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം എവിടെ പോയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. രാജ്യത്തെ യുവാക്കള്‍ മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാരം പേറുകയാണെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം.