അരുവിക്കര മുളയറയിൽ കെ-സ്റ്റോർ തുറന്നു

Spread the love

അരുവിക്കര ഗ്രാമപഞ്ചായത്തിലെ മുളയറയിൽ , 51 ആം നമ്പർ റേഷൻ കട കെ-സ്റ്റോർ ആക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. വനിതകളെ റേഷൻ കാർഡ്‌ ഉടമകളാക്കിയ, കാർഡ്‌ ഉടമകൾക്ക് ഏത്‌ റേഷൻ കടയിൽ നിന്നും റേഷൻ വാങ്ങാൻ കഴിയുന്ന സംവിധാനം മുതൽ വാതിൽപ്പടി സംവിധാനം വരെ വിപ്ലവകരമായ മാറ്റങ്ങൾ നടത്തിയ സംസ്ഥാനമാണ് കേരളമെന്ന് എം.എൽ. എ പറഞ്ഞു. വിപണന മേഖലയിലെ കാലഘട്ട മാറ്റം ഗ്രാമങ്ങളിൽ കൂടി എത്തിക്കുക എന്നതാണ് കെ സ്റ്റോർ മുന്നോട്ട് വെക്കുന്ന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ അംഗം വെള്ളനാട്‌ ശശി ആദ്യ വിൽപ്പന നടത്തി. അരുവിക്കര മണ്ഡലത്തിലെ മൂന്നാമത്തെ കെ സ്റ്റോർ ആണ് ഇന്ന് തുറന്നത്. അടുത്ത ഘട്ടത്തിൽ മൂന്ന് എണ്ണം കൂടി നിലവിൽ വരും. കെ-സ്റ്റോറിന്റെ മൂന്നാം ഘട്ട പദ്ധതിയിൽ നെടുമങ്ങാട് താലൂക്കിലെ 14 റേഷൻ കടകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി പ്രകാരം റേഷൻകടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കുകയും നിലവിൽ റേഷൻകാർഡുകൾക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ ശബരി, മിൽമ ഉത്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള ഛോട്ടു ഗ്യാസ് സിലിണ്ടറുകളും കെ-സ്‌റ്റോറിലൂടെ ലഭിക്കും. ഇലക്ട്രിസിറ്റി ബിൽ, ടെലഫോൺ ബിൽ എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ്-സപ്ലൈ ഓഫീസുകളിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങൾ എന്നിവയും ഘട്ടം ഘട്ടമായി കെ-സ്റ്റോറിൽ ലഭ്യമാക്കും. നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിജയൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ , വാർഡ്‌ അംഗംങ്ങളായ അജിത്‌, കളത്തറ മധു, താലൂക്‌ സപ്ലൈ ഓഫീസർ സിന്ധുദേവി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *