വീണ വിജയന് ഇന്ന് നിർണായക ദിനം

Spread the love

കൊച്ചി: സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30-യ്ക്ക് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷന്‍ ആയ ബഞ്ചാണ് ഇടക്കാല വിധി പറയുക. കമ്പനിയുടെ പ്രമോട്ടര്‍മാരില്‍ ഒരാളായ മുഖ്യമന്ത്രിയുടെ മകള്‍ വീണയാണ് കേസില്‍ ആരോപണ വിധേയയായി നില്‍ക്കുന്ന പ്രധാനി. അതിനാല്‍ തന്നെ ഇടക്കാല വിധി വീണയ്ക്ക് നിര്‍ണായകമാണ്.കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസി അന്വേഷണം പ്രഖ്യാപിച്ചതിനോട് തങ്ങള്‍ പൂര്‍ണമായി സഹകരിച്ചിട്ടും അതേനിയമത്തിലെ ചട്ടം 212 പ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നാണ് കേസ് റദ്ദാക്കാന്‍ വേണ്ടി എക്‌സാലോജികിന്റെ അഭിഭാഷകന്‍ ഉന്നയിച്ച വാദം. രണ്ട് സമാന്തര അന്വേഷണങ്ങളാണോ കമ്പനിക്കെതിരെ നടക്കുന്നത് എന്ന് പോലും അറിയില്ല. അങ്ങനെയെങ്കില്‍ അത് നിയമപരമായി നിലനില്‍ക്കില്ല. എസ്.എഫ്.ഐ.ഒ പോലെ ഒരു ഏജന്‍സിയില്‍ നിന്ന് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും എക്‌സാലോജികിന്റെ അഭിഭാഷകന്‍ വാദിച്ചു.ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സി.എം.ആര്‍.എല്ലിന്റെ ഇടപാടില്‍ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായതായി എസ്.എഫ്.ഐ.ഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കുളൂര്‍ അരവിന്ദ് കാമത്ത് വ്യക്തമാക്കി. വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് സി.എം.ആര്‍.എല്‍ വഴി 135 കോടി രൂപ വ്യക്തമായ രേഖകളില്ലാതെ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതില്‍ 1.72 കോടി രൂപ വീണ വിജയന്റെ എക്‌സാലോജിക്കിന് ഒരു സേവനവും നല്‍കാതെ നല്‍കിയതിനും തെളിവുണ്ട്.വിവിധ ഏജന്‍സികളുടെ അന്വേഷണ വലയിലുള്ള ഇടപാടുകളില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ എസ്എഫ്‌ഐഒ പോലുള്ള സംവിധാനം ആവശ്യമായതിനാലാണ് അന്വേഷണത്തിലേക്ക് നീങ്ങിയതെന്നും എ.എസ്.ജി വാദിച്ചു. വാദങ്ങള്‍ വിശദമായി കേട്ട കോടതി എസ്എഫ്‌ഐഒ ചോദിച്ച രേഖകള്‍ നല്‍കാനും അന്വേഷണവുമായി സഹകരിക്കാനും എക്‌സാലോജിക്കിന് നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങരുതെന്ന് എസ്.എഫ്.ഐ.ഒയ്ക്കും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *