കാട്ടാനയെ മയക്കുവെടി വെയ്ക്കാൻ ഉത്തരവിറങ്ങി
കോഴിക്കോട്: വയനാട്ടില്‍ വീട്ടുവളപ്പില്‍ കയറി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ഇത് സംബന്ധിച്ച ഉത്തരവിറങ്ങി.ആനയെ ജനവാസ മേഖലയില്‍ നിന്നും എത്രയും പെട്ടെന്ന് കാട്ടിലേക്ക് തുരത്തുകയോ അല്ലെങ്കില്‍ ആനയെ മയക്കുവെടി വെച്ച് പിടികൂടി വനമേഖലയില്‍ വിടുന്നതിനുള്ള ഉത്തരവ് സ്വീകരിക്കുന്നതിനുമായോയാണ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് ചെയ്തത്.നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ റെയ്ഞ്ചിലെ പടമല ഭാഗത്ത് അജീഷ് എന്ന സ്ഥലവാസിയുടെ മരണത്തിനിടയാക്കുകയും ആന കാട്ടിലേക്ക് പോകാതെ ഇപ്പോഴും ജനവാസ മേഖലയോട് ചേര്‍ന്ന് നിലയുറിപ്പിച്ചിട്ടുള്ളതുമായ സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കുവാനുള്ള ഉത്തരവിറക്കിയത്.കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത് കടുത്ത പൊതുജന രോഷത്തിന് ഇടയാക്കിയതിനൊപ്പം വനം, പൊലീസ്, റവന്യു ഉദ്യോഗസ്ഥരെ തടയുന്നതിലേക്കും മരിച്ചയാളുടെ മൃതശരീരവുമായി റോഡ് ഉപരോധിക്കുന്നതിലേക്കും വഴിതെളിച്ചു.കാട്ടാനയെ സുരക്ഷിതമായി കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തിരികെ ഡ്രൈവ് ചെയ്യുവാനും അത് വിജയിച്ചില്ലെങ്കില്‍ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടുന്നതിനും അധിക സമ്മര്‍ദ്ദം നല്‍കാതെ എത്രയും വേഗം അതിനെ ആരോഗ്യ നിരീക്ഷണത്തിന് മുത്തങ്ങ ആന ക്യാമ്പിലേക്ക് മാറ്റിയതിനുശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നു വിടുന്നതിനും തീരുമാനമായി.