മലയോര ഹൈവേ കാർഷിക – വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ കാർഷിക – വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്ന പദ്ധതിയാണ് മലയോര ഹൈവേയെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പാറശാല മണ്ഡലത്തിലെ എള്ളുവിള- കോട്ടുകോണം- നാറാണി-തൃപ്പലവൂര്‍, മഞ്ചവിളാകം കോട്ടയ്ക്കല്‍ റോഡുകളുടെയും മലയോര ഹൈവേയുടെ കുടപ്പനമൂട് – വാഴിച്ചല്‍ റീച്ചിന്റെയും നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 1200 കിലോമീറ്റർ നീളത്തിൽ 13 ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ ഇന്ത്യയിൽ തന്നെ ആദ്യമായാണ് . തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ദേശീയപാതയുടെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാകും. സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. എന്നാൽ ഇതൊന്നും കേരളത്തിലെ ചില മാധ്യമങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നില്ല. സംസ്ഥാനത്തിന്റെ നേട്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ കുപ്രചാരണങ്ങൾക്കാണ് ചില മാധ്യമങ്ങൾക്ക് താത്പര്യം. ഈ സാഹചര്യത്തിൽ നാട്ടുകാർ സർക്കാരിന്റെ പ്രചാരകരാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കുന്നത്തുകാല്‍, പെരുങ്കടവിള, കൊല്ലയില്‍ ഗ്രാമപഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന ഗ്രാമീണ റോഡുകളായ എള്ളുവിള – കോട്ടുകോണം – നാറാണി-തൃപ്പലവൂര്‍, മഞ്ചവിളാകം – കോട്ടയ്ക്കല്‍ റോഡുകള്‍ ബി.എം & ബി.സി നിലവാരത്തില്‍ നവീകരിക്കുന്നതിനായി സി.കെ ഹരീന്ദ്രന്‍ എം.എല്‍.എയുടെ ഇടപെടലിലൂടെ 2023-24 വര്‍ഷത്തെ ബഡ്ജറ്റില്‍ ഒമ്പത് കോടി രൂപ അനുവദിച്ചിരുന്നു. എള്ളുവിള ജംഗ്ഷനിൽ നിന്നും ആരംഭിച്ച് നാറാണി വഴി തൃപ്പലവൂരിൽ എത്തുന്ന 4.6 കിലോമീറ്റർ ദൂരം 5.5 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ റോഡ് ഉയർത്തുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ ഓട,കലുങ്ക്, സംരക്ഷണഭിത്തി എന്നിവ നിർമിക്കുന്നതിനുമായി ആറ് കോടി രൂപയാണ് ചെലവിടുന്നത്. ചായ്ക്കോട്ട്കോണം – കുന്നത്തുകാൽ റോഡിൽ മഞ്ചവിളാകത്തു നിന്നും ആരംഭിച്ച് മാരായമുട്ടം – പാലിയോട്റോഡിൽ കോട്ടക്കലിൽ അവസാനിക്കുന്ന മഞ്ചവിളാകം – കോട്ടയ്ക്കല്‍ റോഡിന് 2.6 കിലോമീറ്റർ ദൈർഘ്യമുണ്ട്. നിലവിലുള്ള റോഡിനെ വീതി കൂട്ടി ബി.എം & ബി.സി ചെയ്യുന്നതിനും അനുബന്ധ പ്രവർത്തികൾക്കുമായി മൂന്ന് കോടി രൂപയാണ് ചെലവ്. നിർദിഷ്ട മലയോര ഹൈവേയ്ക്കായി വാഴിച്ചലിനും കുടപ്പനമൂടിനും ഇടയിൽ 2.75 കിലോമീറ്റർ ദൂരത്തിലുള്ള റോഡും ആധുനിക രീതിയിൽ നവീകരിക്കും. മലയോര ഹൈവേയുടെ രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കിയ പാറശാല – കുടപ്പനമൂട് റീച്ചിനെയും കള്ളിക്കാട് – വാഴിച്ചൽ റീച്ചിനെയും ബന്ധിപ്പിക്കുന്നതാണ് കുടപ്പനമൂട് – വാഴിച്ചല്‍ റീച്ച്. 14.31 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നിലവിലെ റോഡിന്റെ വീതി 12 മീറ്ററായി വർദ്ധിപ്പിച്ച് 9 മീറ്റർ വീതിയിൽ ഉപരിതലം ബലപ്പെടുത്തുന്നതിനും, ഓടയുടെ നവീകരണം, കലുങ്കുകൾ, സംരക്ഷണ ഭിത്തികൾ, യൂട്ടിലിറ്റി ഡക്റ്റുകൾ, പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ഫുട്പാത്ത്, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയുടെ നിർമ്മാണവും അടങ്ങുന്നതാണ് പദ്ധതി. നിർമാണം പൂർത്തിയാകുമ്പോൾ പാറശാല നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനോടൊപ്പം സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ മലയോര ഹൈവേയുടെ തിരുവന്തപുരം ജില്ലയിലെ റോഡുകൾ പൂർണ്ണമായും ബന്ധിപ്പിക്കുകയും ചെയ്യും.തൃപ്പലവൂര്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രന്‍.എസ്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.അമ്പിളി, ജില്ലാ പഞ്ചായത്തംഗം വി.എസ് ബിനു, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.