ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ കുരങ്ങുകളുടെ ആക്രമണം വര്‍ദ്ധിക്കുന്നതായി ഗവേഷകരുടെ റിപ്പോര്‍ട്ട്
ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ കുരങ്ങുകളുടെ ആക്രമണം വര്‍ദ്ധിക്കുന്നതായി ഗവേഷകരുടെ റിപ്പോര്‍ട്ട്. ജപ്പാനും തായ്‌ലന്‍ഡുമാണ് ഭീഷണി നേരിടുന്ന മറ്റ് രണ്ട് രാജ്യങ്ങള്‍. ജപ്പാനിലെ ജാപ്പനീസ് മക്കാക്കുകള്‍ , തായ്ലന്‍ഡിലെ പന്നിവാലുള്ളതും നീളമുള്ള വാലുള്ളതുമായ മക്കാക്കുകള്‍ , ഇന്ത്യയിലെ ഹനുമാന്‍ ലംഗൂറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 2022 -ല്‍ ജപ്പാനിലെ ഒരു നഗരത്തില്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. തായ്ലന്‍ഡില്‍ കുരങ്ങുകള്‍ ഒരു ഡ്രൈവറെ വാഹനത്തില്‍ നിന്ന് തള്ളിയിട്ട് ആക്രമിച്ച സംഭവവും ഇന്ത്യയിലെ അഹമ്മദാബാദില്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ ഒരു പത്തുവയസ്സുകാരന്‍ മരണമടഞ്ഞ അസുഖകരമായ സംഭവവും കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നു.ഇന്ത്യ, ജപ്പാന്‍, തായ്‌ലാന്‍ഡ് എന്നീ മൂന്ന് രാജ്യങ്ങളിലും വിവിധ ഇനത്തില്‍പ്പെട്ട മക്കാക്ക് കുരങ്ങുകളുണ്ട്. ഇത്തരം കുരങ്ങുകള്‍ ബുദ്ധിയുള്ളവയും, സാമൂഹികബന്ധമുള്ളവരുമാണ്. ഭക്ഷണം സൂക്ഷിക്കാന്‍ ഇവയ്ക്ക് വായയില്‍ പ്രത്യേക അറകളും സമീകൃതമായ ഒരു ഡയറ്റുമുണ്ട്. നാലു മുതല്‍ 5 കിലോ വരെയാണ് ഇവയുടെ ഭാരം. ഇവ ഇപ്പോള്‍ മനുഷ്യനെ കൂടുതലായി ആക്രമിക്കാനുള്ള കാരണമായി ശാസ്ത്രജ്ഞര്‍ പറയുന്നത് അതിപരിചയമാണ്. മനുഷ്യരുമായി ദീര്‍ഘകാലം ബന്ധപ്പെട്ട് ജീവിക്കുന്ന മൃഗങ്ങള്‍ ക്രമേണ മനുഷ്യരുമായി ഇണങ്ങുകയും അതോടെ ഈ മൃഗങ്ങള്‍ക്ക് മനുഷ്യരോടുള്ള പേടി നഷ്ടമാവുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം.മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണത്തോട് കുരങ്ങുകള്‍ക്കും ഏറെ പ്രിയമുണ്ട്. ഇതിനാലാണ് വിനോദസഞ്ചാരികളുടെ ബാഗുകളും ബാക്ക് പാക്കുകളുമൊക്കെ ഇവ പരിശോധിക്കുന്നത്. എന്നാല്‍, കുരങ്ങുകള്‍ ആക്രമണത്തിനു മുന്‍പ് മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടന്നും അവ തിരിച്ചറിയാന്‍ മനുഷ്യര്‍ക്ക് കഴിയാതെവരുന്നതും ആക്രമണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും തുടരാന്‍ മൃഗങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടത് പ്രധാനമാണ്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ശുപാര്‍ശ ചെയ്യുന്നത് മൃഗങ്ങളില്‍ നിന്ന് ഏഴ് മീറ്റര്‍ അകലം പാലിക്കണമെന്നാണ്. കൂടാതെ കുരങ്ങുകളുമായി നേരിട്ട് കണ്ണുകളിലേക്ക് നോക്കുന്നതും പല്ലുകള്‍ പ്രദര്‍ശിപ്പിക്കുന്നതും ഒഴിവാക്കണം. കുരങ്ങുകള്‍ ഈ ആംഗ്യങ്ങള്‍ ആക്രമണാത്മകമായിട്ടാണത്രേ കാണുന്നത്. കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.ആക്രമണത്തിന് മുമ്പ് ഇവ സാധാരണ കാണിക്കുന്ന ലക്ഷണങ്ങള്‍, പല്ലുകള്‍ കാണിക്കുക, തല കുനിച്ചു പിടിച്ചുള്ള തുറിച്ചുനോട്ടങ്ങള്‍, അല്ലെങ്കില്‍ കൈകൊണ്ട് നിലത്തടിക്കുക എന്നിവയാണന്നാണ് വിദഗ്ദര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ നിശബ്ദമായി പിന്മാറണമെന്നും നിര്‍ദ്ദേശിക്കുന്നു.