ഇന്ത്യയിൽ മൂന്നാം തവണയും നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറുമെന്ന് സർവെ ഫലം
ന്യൂഡൽഹി: ഇന്ത്യയിൽ മൂന്നാം തവണയും നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറുമെന്ന് സർവെ ഫലം. മുന്നൂറിലേറെ സീറ്റുകൾ നേടി ദേശീയ ജനാധിപത്യ സഖ്യം തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗവും ഇ.ടി.ജി റിസർച്ചും ചേർന്ന് നടത്തിയ സർവേ റിപ്പോർട്ട്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ വരണമെന്നാണ് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.സർവെയിൽ പങ്കെടുത്ത 91 ശതമാനം ജനങ്ങളും ബിജെപി നയിക്കുന്ന എൻഡിഎ വൻ ഭൂരിപക്ഷം നേടുമെന്ന് വിശ്വസിക്കുന്നു. 300-ലധികം സീറ്റുകൾ എൻഡിഎ നേടുമെന്നാണ് 45 ശതമാനം ജനങ്ങളും വിശ്വസിക്കുന്നത്. 14 ശതമാനം പേർ 400-ലധികം സീറ്റുകൾ ലഭിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. ഒമ്പത് ശതമാനത്തിൽ താഴെ മാത്രമാണ് ബിജെപി അധികാരത്തിൽ വരില്ലെന്ന് അഭിപ്രായപ്പെട്ടത്.പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ തുടരണമെന്നാണ് ഭൂരിപക്ഷത്തിന്റെയും ആഗ്രഹമെന്നും റിപ്പോർട്ടിൽ പറയുന്നു. 64 ശതമാനം പേരാണ് നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി എത്തുമെന്ന് അഭിപ്രായപ്പെട്ടത്. 17 ശതമാനം പേർ കോൺഗ്രസ് നേതാവും വയനാട് എംപിയായ രാഹുലിന് പിന്തുണ അറിയിച്ചത്. 19 ശതമാനം പേർ പുതുമുഖത്തിനാണ് അവസരമെന്ന് അഭിപ്രായപ്പെട്ടു.2024 ഏപ്രിൽ, മെയ് മാസങ്ങളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി, ജനതാദൾ – യുണൈറ്റഡ് (ജെഡിയു) എൻഡിഎയിൽ ചേരുകയും മമതാ ബാനർജിയുടെ ടിഎംസിയും ആംആദ്മി പാർട്ടിയും (എഎപി) പശ്ചിമ ബംഗാളിലും പഞ്ചാബിലും ഒറ്റയ്‌ക്ക് മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തതോടെ പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ വീണു.അടുത്തിടെ നടന്ന മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മിന്നും വിജയവും ബിജെപിയുടെ സമഗ്രമായ വിജയത്തിന് കാരണമാകുമെന്നാണ് കരുതുന്നത്. ഉത്തർപ്രദേശിലും ബിഹാറിലും ബിജെപി വൻ കുതിപ്പ് കാഴ്ചവെക്കുമെന്നും റിപ്പോർട്ട് അടിവരയിടുന്നു.