ലഖിംപൂര്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെടുത്തേക്കാമെന്ന് സുപ്രീംകോടതി
ഉത്തർപ്രദേശ് : ലഖിംപൂര്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെടുത്തേക്കാമെന്ന് സുപ്രീംകോടതി. വിചാരണ കോടതി ജഡ്ജിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് പരാമര്‍ശിച്ചാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസില്‍ 200 സാക്ഷികളും 171 രേഖകളും 27 ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) റിപ്പോര്‍ട്ടുകളുമുണ്ടെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ പ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച്. വിചാരണ ജഡ്ജി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്ന് ആശിഷ് മിശ്രയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ബെഞ്ചിനെ അറിയിച്ചു. പിന്നാലെ മെറ്റീരിയല്‍ സാക്ഷികളെ ആദ്യം വിസ്തരിക്കാം എന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജനുവരി 19ലേക്ക് മാറ്റി. അതുവരെ അദ്ദേഹം ജയിലില്‍ തുടരും.