സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം പൊതുമേഖലയില്‍ നിര്‍വഹിക്കുകവൈദ്യുതി ജീവനക്കാരുടെ അര്‍ദ്ധദിന സത്യാഗ്രഹം
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ആര്‍.ഡി.എസ്.എസിന്റെ ഭാഗമായി കെ.എസ്.ഇ.ബിയുടെ വൈദ്യുതി മീറ്ററുകള്‍ പൂര്‍ണ്ണമായും സ്മാര്‍ട്ട് മീറ്ററാക്കി മാറ്റുന്നതിനുള്ള നടപടികള്‍ നടന്നു വരുകയാണ്. പദ്ധതിച്ചെലവുകള്‍ മുഴുവന്‍ സ്വകാര്യകരാറുകാര്‍ വഹിക്കുകയും നിശ്ചിതകാലയളവിലേക്ക് പ്രതിമാസവാടക ഈടാക്കി പരിപാലനമടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുകയും ചെയ്യുന്ന ടോട്ടക്‌സ് (Totex:Toatal Expenditure) മാതൃകയില്‍ പദ്ധതി നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. മീറ്ററുകള്‍ സ്ഥാപിക്കുകയും പദ്ധതി കാലയളവില്‍ പരിപാലിക്കുകയും ചെയ്യുന്നത് കരാര്‍ എടുക്കുന്ന കമ്പനിയുടെ ചുമതലയായിരിക്കും. മീറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ കേന്ദ്രീകൃത സെര്‍വറുകളില്‍ ശേഖരിക്കുന്നതും ബില്ലുചെയ്യുന്നതുമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതും അതിനാവശ്യമായ ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതും കരാര്‍ എടുക്കുന്ന കമ്പനിയുടെ ചുമതലയാണ്. ഉപഭോക്താക്കള്‍ക്ക് പ്രീപെയ്ഡ് സൗകര്യമൊരുക്കുന്നതടക്കമുള്ള നടപടികളെല്ലാം ഈ ഉത്തരവാദിത്തങ്ങളില്‍ പെടും. അതായത് നിലവില്‍ വൈദ്യുതി ബോര്‍ഡ് നിര്‍വഹിച്ചുവരുന്ന റവന്യൂ പ്രവര്‍ത്തനങ്ങളാകെ പുറം കരാര്‍ നല്‍കുന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. വൈദ്യുതി വിതരണ മേഖലയെ രണ്ടായി വിഭജിച്ച് വൈദ്യുതി ശൃംഖലകള്‍ നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് മാത്രം പൊതുമേഖലയില്‍ നിര്‍ത്തി വൈദ്യുതി കടത്തിക്കൊണ്ടുപോയി വിറ്റ് ലാഭമുണ്ടാക്കുന്ന ജോലി സ്വകാര്യമേഖലയെ ഏല്‍പ്പിക്കുക എന്ന (കണ്ടന്റും കാര്യേജും വേര്‍തിരിക്കുക) കേന്ദ്രസര്‍ക്കാര്‍ താല്‍പര്യമാണ് ടോട്ടക്‌സ് മാതൃകയിലുള്ള സ്മാര്‍ട്ട് മീറ്റര്‍ വ്യാപനത്തില്‍ പ്രതിഫലിക്കുന്നത്. മീറ്ററൊന്നിന് 900 രൂപ കേന്ദ്രസര്‍ക്കാര്‍ ധനസഹായം ഉണ്ടെങ്കിലും പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ ഏജന്‍സി, പ്രോജക്ട് മാനേജ്മെന്റ് ഏജന്‍സി എന്നിവയുടെ ഫീസും നികുതിയുമായി 720 രൂപയോളം നല്‌കേണ്ടി വരുന്നത് കുറച്ചാല്‍ മീറ്ററൊന്നിന് കേവലം 180 രൂപയുടെ ധനസഹായമാണ് കേന്ദ്രത്തില്‍ നിന്ന് കിട്ടുക. എന്നാല്‍ മീറ്ററൊന്നിന് 9000രൂപയിലധികം വിലവരുന്നുണ്ട്. അതായത് നിസാരമായ കേന്ദ്രധനസഹായം കിട്ടുന്നതിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് വലിയ ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന നിലയിലാണ് പദ്ധതി നടപ്പാക്കപ്പെടുന്നത്.വലിയ തോതില്‍ സാങ്കേതിക വാണിജ്യനഷ്ടം സംഭവിക്കുന്ന സംസ്ഥാനങ്ങളില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിലൂടെ റവന്യൂ വരുമാനം വര്‍ദ്ധിക്കുന്നതിനും സ്മാര്‍ട്ട് മീറ്ററിന് ചെലവാക്കുന്ന തുക തിരിച്ചുപിടിക്കാന്‍ സാധിക്കുകയും ചെയ്‌തേക്കാമെങ്കിലും ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ സാങ്കേതിക വാണിജ്യനഷ്ടം നിലനില്‍ക്കുന്ന കേരളത്തില്‍ ഈ പദ്ധതി കാര്യമായ റവന്യൂ വര്‍ദ്ധനവിന് കാരണമാകില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ പദ്ധതിക്ക് ചെലവഴിക്കേണ്ട തുക പൂര്‍ണ്ണമായും ഉപഭോക്താക്കളില്‍നിന്ന് ഫീസായി ഈടാക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. മറ്റു സംസ്ഥാനങ്ങളില്‍ നടന്ന ടെണ്ടറുകളുടെ അനുഭവത്തില്‍ പ്രതിമാസം 130 രൂപയിലധികം പ്രതിമാസ ഫീസാണ് സിംഗിള്‍ ഫേസ് ഉപഭോക്താക്കള്‍ പോലും നിലവിലുള്ള വൈദ്യുതി നിരക്കിനു പുറമേ നല്‍കേണ്ടി വരുക. ഉയര്‍ന്ന ഉപഭോഗമുള്ള ഉപഭോക്താക്കള്‍ക്ക് ഈ തുക ഇതിലും വളരെ കൂടുതലായിരിക്കും. സാധാരണ വൈദ്യുതി ഉപഭോക്താക്കളില്‍ പ്രതിവര്‍ഷം 1500രൂപയിലധികം ബാദ്ധ്യത വരുത്തിവെക്കുന്ന നിലയിലാണ് പദ്ധതി നടപ്പാക്കപ്പെടുക.പദ്ധതി കെ.എസ്.ഇ.ബി. നേരിട്ട് നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ മീറ്റര്‍ ഹാര്‍ഡ്വെയര്‍ ചെലവ് മാത്രമേ കണ്ടെത്തേണ്ടതുള്ളൂ. പദ്ധതി നിര്‍വഹണം ബോര്‍ഡ് ജീവനക്കാര്‍ക്കുതന്നെ ചെയ്യാന്‍ കഴിയും. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലയായ സിഡാക്ക് അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങള്‍ സ്മാര്‍ട്ട് മീറ്റര്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്. അവര്‍ ആ സാങ്കേതികവിദ്യ കെ.എസ്.ഇ.ബിക്ക് കൈമാറാന്‍ തയ്യാറാണ്. സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ സഹായത്തോടെ ചെലവുകുറച്ച് മീറ്ററുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ഈ നിലയില്‍ പദ്ധതി ചെലവ് കുറച്ച് ചെയ്യാന്‍ കഴിയും. ജനങ്ങളില്‍ വലിയതോതിലുള്ള ബാദ്ധ്യത കെട്ടിവെക്കാതെ ഘട്ടം ഘട്ടമായി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ ഈ നിലയില്‍ കഴിയും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധത്തിന് വഴങ്ങി ടോട്ടക്‌സ് രീതിയില്‍ പദ്ധതി നടപ്പാക്കാനാണ് കെ.എസ്.ഇ.ബി. ശ്രമിക്കുന്നത്.ഈ സാഹചര്യത്തില്‍ ടോട്ടക്‌സ് മാതൃകയിലുള്ള സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ടാണെന്നതിനാല്‍ അതില്‍ നിന്ന് പിന്തിരിയണമെന്നും സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം പൊതുമേഖലയില്‍ നിര്‍വഹിക്കണമെന്നും അതിനായി സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുള്ള ബദല്‍ പദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.ഇ.ബി. വര്‍ക്കേര്‍സ് അസോസിയേഷന്, കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍, കെ.എസ്.ഇ.ബി. കോണ്‍ട്രാക്ട് വര്‍ക്കേര്‍സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 12-01-2023ന് തിരുവനന്തപുരം വൈദ്യുതി ഭവനുമുന്നിലും സംസ്ഥാനത്തെ മുഴുവന്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസുകള്‍ക്ക് മുന്നിലും അര്‍ദ്ധ ദിന സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ വിഷയം ഗൗരവത്തോടെ പരിഗണിച്ച് സ്ഥാപനത്തിനും സംസ്ഥാനത്തെ പൊതുജനങ്ങള്‍ക്കും ഗുണകരമായ നിലയില്‍ പദ്ധതി നിര്‍വ്വഹണം പുന:ക്രമീകരിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് പോകാന്‍ ജീവനക്കാര്‍ സന്നദ്ധമാകും.