അയോധ്യയിൽ നീലകണ്ഠ പക്ഷികളെ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നതിന് മുന്നോടിയായി നീലകണ്ഠ പക്ഷികളെ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. നീലകണ്ഠ പക്ഷിയെ കണ്ടതിനുശേഷമാണ് ശ്രീരാമൻ രാവണന്റെ ലങ്ക കീഴടക്കിയതെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ പുരാണങ്ങളിൽ ഏറെ പ്രാധാന്യമുള്ള പക്ഷി കൂടിയാണ് ഇന്ത്യൻ റോവർ എന്നറിയപ്പെടുന്ന നീലകണ്ഠ പക്ഷി.നീലകണ്ഠ പക്ഷിയെ കാണാൻ ആഗ്രയിലെ ചമ്പൽ വന്യജീവി സങ്കേതത്തിലേക്കാണ് ഭക്തർ ഒഴുകിയെത്തുന്നത്. ഇവയെ ശിവ ഭഗവാന്റെ രൂപമായും കണക്കാക്കുന്നു. ശിവൻ നീലകണ്ഠന്റെ രൂപത്തിൽ രാമന് മുന്നിൽ പ്രത്യക്ഷപ്പെട്ടെന്നും, അതിനാലാണ് നീലകണ്ഠനെ ശിവന്റെ രൂപമായി കണക്കാക്കപ്പെടുന്നതുമെന്നാണ് വിശ്വാസം. രാമായണത്തിൽ പരാമർശിച്ചിരിക്കുന്നതിനാൽ നീലകണ്ഠ പക്ഷികൾ വസിക്കുന്ന ഇടം മംഗളകരമായാണ് കണക്കാക്കുന്നത്. പ്രധാനമായും ഉഷ്ണ മേഖല പ്രദേശങ്ങളിൽ കാണപ്പെടുന്ന നീലകണ്ഠ പക്ഷികൾ പൊന്മാനുമായി ഏറെ രൂപ സാദൃശ്യം തോന്നുന്നവയാണ്. ചമ്പലിൽ നീലകണ്ഠ പക്ഷികളുടെ എണ്ണത്തിൽ 4 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.