സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ് ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു
ടോക്കിയോ: ജപ്പാന്റെ ആദ്യ ചാന്ദ്രദൗത്യമായ സ്ലിം(സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്) ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. ചന്ദ്രനിലെ കടല്‍ എന്നു വിശേഷിപ്പിക്കുന്ന മെയര്‍ നെക്ടാരിസിനു സമീപമാണു പേടകം ഇറങ്ങിയത്. ചന്ദ്രന്റെ മധ്യരേഖയുടെ നിന്നും 100 മീറ്റര്‍ (330 അടി) അകലെയാണ് സ്ലിം ലാന്‍ഡ് ചെയ്തത്. സാധാരണ ലാന്‍ഡിങ്ങ് മേഖലകളെക്കാള്‍ ഇടുങ്ങിയതാണ് ഈ പ്രദേശം. മറ്റൊരു രാജ്യത്തിനും ഈ നേട്ടം ലഭിച്ചിട്ടില്ലെന്ന് സ്ലിം പ്രൊജക്ട് മാനേജര്‍ ഷിനിചിറോ സകായ് പറഞ്ഞു. ഇതോടെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍ മാറി.ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്റ് ചെയ്ത സ്ലിം രണ്ട് ചെറിയ പേടകങ്ങള്‍ ചന്ദ്രനില്‍ വിന്യസിക്കും. മൈക്രോവേവ് ഓവന്റെ വലിപ്പമുള്ള ഹോപ്പിങ് വാഹനവും പേടകങ്ങളുടെ ചിത്രങ്ങളെടുക്കുന്നതിന് വേണ്ടി ബേസ്‌ബോളിന്റെ വലിപ്പമുള്ള വീല്‍ഡ് റോവറുമാണിവ.2023 സെപ്റ്റംബര്‍ ഏഴിന് തെക്കന്‍ ജപ്പാനിലെ തനേഗാഷിമ സ്‌പേസ് സെന്ററില്‍നിന്നു തദ്ദേശീയമായ എച്ച്‌ഐഐഎ റോക്കറ്റിലാണ് സ്ലിം വിക്ഷേപിച്ചത്. മോശം കാലാവസ്ഥമൂലം നേരത്തേ 3 തവണ മാറ്റിവച്ചശേഷമായിരുന്നു വിക്ഷേപണം. ജപ്പാന്‍, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ സംയുക്ത പദ്ധതിയായ എക്‌സ്‌റേ ഇമേജിങ് ആന്‍ഡ് സ്‌പെക്ട്രോസ്‌കോപി മിഷന്‍ ഉപഗ്രഹവും റോക്കറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിദൂരപ്രപഞ്ചത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ദൂരദര്‍ശിനി അടങ്ങിയ സംവിധാനമാണിത്. 10 കോടി യുഎസ് ഡോളര്‍ (ഏകദേശം 832 കോടി രൂപ) ആണ് ദൗത്യത്തിന് ചെലവ് വന്നത്.