അമേരിക്കന്‍ ചരക്കുകപ്പലിനുനേരെ മിസൈല്‍ ആക്രമണം
ഏദന്‍: യെമന്റെ തെക്കന്‍ തീരത്ത് ചെങ്കടലില്‍ അമേരിക്കന്‍ ചരക്കുകപ്പലിനുനേരെ മിസൈല്‍ ആക്രമണം. എം.വി. ഈഗിള്‍ ജിബ്രാള്‍ടാര്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്ന് യു.എസ്. സൈന്യം ആരോപിച്ചു. കപ്പലിന് കേടുപാടുകളുണ്ടായെങ്കിലും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.ഹൂതികള്‍ മൂന്ന് മിസൈലുകള്‍ തൊടുത്തുവിട്ടെങ്കിലും രണ്ടെണ്ണം കടലില്‍ എത്തിയില്ലെന്ന് ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി കമ്പനി ആംബ്രേ അറിയിച്ചു. ഏദനിലില്‍നിന്ന് തെക്ക്- പടിഞ്ഞാറായി 95 നോട്ടിക്കല്‍മൈല്‍ ദൂരത്തിലാണ് ആക്രമണമുണ്ടായത്.ഇസ്രയേലിലേക്കുള്ളതോ ഇസ്രയേലില്‍നിന്ന് വരുന്നതോ ആയ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ കുറച്ചുകാലമായി ആക്രമണം നടത്തിവരുന്നുണ്ട്. അതേസമയം, എം.വി. ഈഗിള്‍ ജിബ്രാള്‍ടാറിന് ഇസ്രയേല്‍ ബന്ധമൊന്നുമില്ലെന്നും ഹൂതി കേന്ദ്രങ്ങള്‍ക്കെതിരായ സമീപകാല ആക്രമണങ്ങള്‍ക്ക് മറുപടിയായി യു.എസിനെ ലക്ഷ്യമിട്ടാവാം ആക്രമണമെന്ന് ആംബ്രെ വിലയിരുത്തി.