അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങുകൾക്ക് ഇന്ന് മുതൽ തുടക്കമാകും

Spread the love

ലക്നൗ: ഭാരതീയർ ഒന്നടങ്കം കാത്തിരുന്ന അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങുകൾക്ക് ഇന്ന് മുതൽ തുടക്കമാകും. ജനുവരി 18-നാണ് ശ്രീരാമ വിഗ്രഹം ‘ഗർഭഗൃഹ’ത്തിൽ പ്രതിഷ്ഠിക്കുന്ന ചടങ്ങുകൾ നടക്കുക. മൈസൂർ സ്വദേശിയായ ശിൽപി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂർത്തിയെയാണ് പ്രതിഷ്ഠിക്കുന്നത്. വാരണാസിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡാണ് ചടങ്ങുകളുടെ മേൽനോട്ടം വഹിക്കുക.പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ജനുവരി 21 വരെ തുടരും. ജനുവരി 22-ന് ഉച്ചയ്ക്ക് 12:20-ന് തുടങ്ങുന്ന പ്രാണപ്രതിഷ്ഠ ഒരു മണിയോടെ പൂർത്തിയാകും. 20, 21 തീയതികളിൽ പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കുകയില്ലെന്ന് അധികൃതർ ഇതിനോടകം അറിയിച്ചിട്ടുണ്ട്. 121 ആചാര്യന്മാരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടത്തുന്നത്. കാശിയിലെ ലക്ഷ്മികാന്ത് ദീക്ഷിതാണ് മുഖ്യ കാർമ്മികൻ. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഭക്തർക്ക് ദർശനം അനുവദിക്കുന്നതാണ്.ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പങ്കെടുക്കും. 150 ഓളം ആചാരന്മാരും സന്യാസിമാരും ചടങ്ങിന് സാക്ഷ്യം വഹിക്കുന്നതാണ്. എല്ലാ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *