ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം

Spread the love

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശനത്തിനായി സന്നിധാനവും പരിസരവും ഒരുപോലെ ഒരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് 6:00 മണിയോടെ ശബരിമലയിൽ എത്തിച്ചേരും. തുടർന്ന് ദീപാരാധനയും, പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയുന്നതാണ്. ദിവ്യജ്യോതി ദർശിക്കാൻ സന്നിധാനത്ത് വൻ ഭക്തജന പ്രവാഹമാണ്. നിരവധി ഭക്തരാണ് മലയിറങ്ങാതെ സന്നിധാനത്ത് തന്നെ തുടരുന്നത്.മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള മകരസംക്രമ പൂജ ഇന്ന് പുലർച്ചെ 2:45-നാണ് നടന്നത്. സൂര്യൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് നടക്കുന്ന സമയത്താണ് പൂജ. ഇത്തവണ ഏകദേശം ഒന്നര ലക്ഷത്തിലധികം ഭക്തർ സന്നിധാനത്ത് നിന്ന് മകരവിളക്ക് ദർശിക്കുമെന്നാണ് വിലയിരുത്തൽ. മകരജ്യോതി ദർശനത്തിനായി 10 വ്യൂ പോയിന്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ശക്തമായ സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ദർശനത്തിനുള്ള മുഴുവൻ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മകരവിളക്ക് ദർശനത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത് പുല്ലുമേട്ടിലാണ്. ഇത്തവണ പുല്ലുമേട്ടിൽ ഡ്രോൺ നിരീക്ഷണവും ഉറപ്പുവരുത്തും. സത്രം, കാനനപാത, വള്ളക്കടവ് ചെക്ക്പോസ്റ്റ് എന്നിവിടങ്ങൾ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് 2:00 മണി വരെ മാത്രമേ ആളുകളെ കടത്തിവിടുകയുള്ളൂ. 8 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1400 പോലീസുകാരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *