സപ്ലൈകോയുടെ സ്ഥിരം സബ്സിഡി ഇല്ലാതാവുന്നു

Spread the love

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങള്‍ക്കുള്ള സപ്ലൈകോയുടെ സ്ഥിരം സബ്സിഡി ഇല്ലാതാവുന്നു. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ മനസ്സിലാക്കി മൂന്നുമാസം കൂടുമ്പോള്‍ വില പരിഷ്‌കരിക്കാന്‍ ആസൂത്രണബോര്‍ഡംഗം ഡോ. കെ. രവിരാമന്‍ അധ്യക്ഷനായ വിദഗ്ധസമിതി ശുപാര്‍ശചെയ്തു.വിപണിവിലയുടെ ശരാശരി 30 ശതമാനം വിലക്കിഴിവ് നല്‍കിയാല്‍ മതിയെന്നാണ് വിദഗ്ധസമിതിയുടെ ശുപാര്‍ശ. റിപ്പോര്‍ട്ട് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും.നിലവില്‍ 13 ഉത്പന്നങ്ങള്‍ക്കാണ് സപ്ലൈകോ സബ്സിഡി നല്‍കുന്നത്. ഇപ്പോഴത്തെ സബ്സിഡിരീതി വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പൊതുവിപണിയില്‍ 220-230 വിലയുള്ള മുളക് 75 രൂപയ്ക്കാണ് സപ്ലൈകോയിലെ വില്‍പ്പന. ഓരോ സാധനങ്ങള്‍ക്കും വിപണിയില്‍ വിലകൂടുമ്പോഴും സപ്ലൈകോയിലെ സബ്സിഡി ഉത്പന്നങ്ങള്‍ക്ക് ഏഴുവര്‍ഷമായി ഒരേവിലയാണ്. വിപണിയുമായി താരതമ്യപ്പെടുത്തിയാല്‍ 50 ശതമാനത്തിലേറെയാണ് ഇപ്പോഴുള്ള സബ്സിഡി. ഈരീതിയില്‍ മുന്നോട്ടുപോയാല്‍ പ്രതിസന്ധി തരണംചെയ്യാനാവില്ലെന്ന് സമിതി വിലയിരുത്തി.ഉപഭോക്താവിന് തിരഞ്ഞെടുത്തുവാങ്ങാന്‍ അവസരമൊരുക്കാന്‍ സബ്സിഡി ഉത്പന്നങ്ങളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കാമെന്നാണ് മറ്റൊരു ശുപാര്‍ശ. ഒരു സാധനം ലഭ്യമല്ലെങ്കില്‍ പകരം മറ്റൊരു ഉത്പന്നം വിലക്കിഴിവില്‍ നല്‍കാം. സബ്സിഡി ഉത്പന്നങ്ങളുടെ എണ്ണം കൂട്ടുന്നത് ഇതിനു സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *