അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കൾ ലേലം ജനുവരി 5ന് നടക്കും
ന്യൂഡൽഹി: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കൾ ലേലം ജനുവരി 5ന് നടക്കും. ദാവൂദിന്‍റെ മഹാരാഷ്ട്രയിലെ 4 പൂർവ്വിക സ്വത്തുക്കളാണ് ലേലം ചെയ്യുന്നത്. സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അഥോറിറ്റി (സഫേമ) യാണ് ലേലം സംഘടിപ്പിക്കുന്നത്.4 വസ്‌തുക്കളുടെയും വില 19.2 ലക്ഷം രൂപയും ഇതിൽ ഏറ്റവും ചെറിയ പ്ലോട്ടിന്‍റെ കരുതൽ വില 15,440 രൂപയുമാണ്. ജനുവരി 5 ന് ഉച്ചയ്ക്ക് 2:00 നും 3:30 നും ഇടയിൽ ലേലനടപടികൾ നടക്കുമെന്ന് സഫേമ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.ദാവൂദിന്‍റെ അമ്മ ആമിനബിയുടെ പേരിൽ രത്‌നഗിരി ജില്ലയിലെ ഖേഡിലുള്ള മുംബാകെയിലെ കൃഷിഭൂമിയാണ് ലേലം ചെയ്യുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകൾക്കും ദാവൂദ് ഇബ്രാഹിമിനും കുടുംബാംഗങ്ങൾക്കും എതിരായ എൻഡിപിഎസ് ആക്‌ട് പ്രകാരമുള്ള കേസുകളെ തുടർന്നുമാണ് സഫേമ ഈ സ്വത്തുക്കൾ കണ്ടുകെട്ടിയത്.നേരത്തെ 2017ലും 2020ലും ദാവൂദ് ഇബ്രാഹിമിന്‍റെ 17-ലധികം വസ്തുവകകൾ സഫേമ ലേലം ചെയ്തിരുന്നു. 2017-ൽ നടന്ന ലേലത്തിൽ, 11 കോടി രൂപയും 2020ൽ നടന്ന ലേലത്തിൽ 22.79 ലക്ഷം രൂപ ലഭിച്ചിരുന്നു.