കാക്കി ട്രൗസര്‍ ധരിച്ചവരാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ചണ്ഡിഗഡ്: കാക്കി ട്രൗസര്‍ ധരിച്ചവരാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച വൈകിട്ട് അംബാലയില്‍ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.”ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് പറയാം. അവര്‍ കാക്കി ട്രൗസര്‍ ധരിക്കുകയും ലാത്തി പിടിക്കുകയും ശാഖകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നവരാണ്. രാജ്യത്തെ രണ്ടുമൂന്ന് കോടീശ്വരന്‍മാര്‍ കൗരവര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. പാണ്ഡവര്‍ നോട്ടുനിരോധിച്ചിരുന്നോ തെറ്റായ ജിഎസ്ടി നടപ്പാക്കിയിരുന്നോ അവര്‍ ഒരിക്കലും ചെയ്തില്ല. കാരണം അവര്‍ താപസ്വികളായിരുന്നു.നോട്ടുനിരോധനവും തെറ്റായ ജിഎസ്ടിയും കാര്‍ഷിക നിയമങ്ങളും താപസ്വികളായ ജനത്തെ കൊള്ളയടിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. നരേന്ദ്ര മോദിയാണ് ഈ തീരുമാനങ്ങളില്‍ ഒപ്പുവയ്ക്കുന്നത്. എന്നാല്‍ അധികാരം രണ്ടുമൂന്ന് ശതകോടീശ്വരന്‍മാരുടെ കയ്യിലാണ്. ജനങ്ങള്‍ക്ക് ഇക്കാര്യം മനസ്സിലാകില്ല. പാണ്ഡവരുടെ കാലഘട്ടത്തിലെ പോരാട്ടത്തിന് സമാനമായ പോരാട്ടമാണ് ഇപ്പോഴും നടക്കുന്നത്. ഒരു ഭാഗത്ത് അഞ്ച് പാണ്ഡവന്‍മാരാണുള്ളത്. മറുഭാഗത്ത് ഒരു സംഘം തന്നെയുണ്ട്.എന്നാല്‍ ജനങ്ങളും മതങ്ങളും പാണ്ഡവര്‍ക്കൊപ്പമായിരുന്നു. അതുപോലെയാണ് ഭാരത് ജോഡോ യാത്രയും. ഈ യാത്രയില്‍ ആരും എവിടെ നിന്നാണ് നിങ്ങള്‍ വരുന്നതെന്ന് ചോദിക്കില്ല. ഇത് സ്‌നേഹത്തിന്റെ കടയാണ്. പാണ്ഡവന്‍മാര്‍ എപ്പോഴും അനീതിക്കെതിരായിരുന്നു. അവരും വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറന്നവരായിരുന്നു”– രാഹുല്‍ പറഞ്ഞു. നിങ്ങളുടെ സങ്കല്‍പ്പത്തിലുള്ള രാഹുല്‍ ഗാന്ധിയെ താന്‍ കൊന്നുവെന്നും പ്രതിച്ഛായയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഞായറാഴ്ച അദ്ദേഹം ഹരിയാനയില്‍ പറഞ്ഞിരുന്നു.