തെരുവ് നായ്ക്കളുടെ ആക്രമണം : നൂറോളം കോഴികൾ ചത്തു
നെയ്യാറ്റിൻകര : പൗൾട്രി ഫാമിൽ തെരുവനായക്കളുടെ ആക്രമണത്തിൽ നൂറോളം കോഴികൾ ചത്തു. ഫാമിൻ്റെ ഉടമങ്ങൾക്ക് നാല് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് ഫാം ഉടമകൾ പറഞ്ഞു. കാഞ്ഞിരകുളം കഴിവൂരിൽ രാജു – സുനിതകുമാരി ദമ്പതികൾ നടത്തിവന്ന ഐശ്വര്യ പൗൾട്രി ഫാംമിലാണ് നാശനഷ്ടമുണ്ടായത്. ദീപാവലി വിപണിക്ക് വേണ്ടി തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ എത്തിച്ച ആയിരത്തിലധികം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. ഫാമിൻ്റെ ഷെഡിൻ്റെ സംരക്ഷണ ഭിത്തി തകർത്താണ് തെരുവ്നായ്ക്കൾ കോഴികളെ കടിച്ചുകൊന്നത്. സംഭവത്തെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതരും പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സംഭവത്തിലെ നാശനഷ്ടം വിലയിരുത്തി.ചത്ത കോഴികളെ സുരക്ഷിതമായി മറവുചെയ്യുകയും, ഫാമിന്റെ ആക്രമണ സാധ്യത പരിശോധിക്കുകയും ചെയ്തു.തെരുവുനായ്ക്കളുടെ ഇത്തരം ആക്രമണം ഈ മേഖലയിലെ ചെറുകിട കർഷകരുടെ ഉപജീവനത്തിന് വലിയ ഭീഷണി ആയി മാറിയിരിക്കുകയാണ്.കോഴികൾ വിപണിയിൽ എത്താൻ ഇടയാകാതെ ചത്തതോടെ ഫാം ഉടമക്ക് വലിയ സാമ്പത്തിക തിരിച്ചടിയാണ് സംഭവിച്ചത്.