ഡോ. ഷഹനയുടെ ആത്മഹത്യ : ഡോ. റുവൈസിന് ജാമ്യം

Spread the love

കൊച്ചി – കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാഹം മുടങ്ങിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ജാമ്യം നൽകിയത്. ഡോ. റുവൈസിന്റെ പാസ്പോർട്ട് പോലീസിൽ നൽകണമെന്നതടക്കമുള്ള ഉപാധികൾ കോടതി വെച്ചിട്ടുണ്ട്. കൊല്ലത്ത് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ താൻ പോലീസിനെതിരെ സംസാരിച്ചതിനാൽ തന്നെ മനഃപൂർവ്വം പ്രതിയാക്കുകയാണുണ്ടയെന്നും സ്ത്രീധന നിരോധന നിയമം അനുസരിച്ച് ചുമത്തിയ കുറ്റം നിലനിൽക്കുന്നതല്ലെന്നും ഡോ.റുവൈസ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. മെഡിക്കൽ പി ജി വിദ്യാർത്ഥിയായ തൻ്റെ പഠനം തുടരുന്നതിന് ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. വിദ്യർത്ഥി എന്ന പരിഗണന നൽകിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഡിസംബർ അഞ്ചിനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്തത്. അനസ്തേഷ്യ മരുന്ന് കൂടുതലായി കുത്തിവെച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം വ്യക്തമാക്കുന്നത്. മെഡിക്കൽ കോളേജിന് സമീപമുള്ള ഫ്ളാറ്റിൽ അബോധാവസ്ഥയിലാണ് ഷഹനയെ കണ്ടെത്തിയത്. ഉടൻ തന്നെ സഹപാഠികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിന് പിന്നാലെഷഹനയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. ഡോ.റുവൈസുമായി വിവാഹം തീരുമാനിച്ചിരുന്നെന്നും വലിയ തുകയും സ്വർണ്ണവും വിലകൂടിയ കാറും ഡോ.റുവൈസ് സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. എല്ലാവർക്കും വേണ്ടത് പണമാണെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. ഷഹനയുടെ കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥ അറിയാമായിരുന്നിട്ടും റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ചോദിച്ചുവെന്നും ഷഹനയെ ബ്ലോക് ചെയ്തുവെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *