രഞ്ജിത്തിന്റെ വാദം പൊളിഞ്ഞു : യോഗത്തിന്റെ മിനുട്സ് പുറത്ത്

ചലചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ സമാന്തര യോഗം ചേർന്നില്ലെന്ന അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ വാദം പൊളിഞ്ഞു. അംഗങ്ങൾ യോഗം ചേർന്നതിന്റെ മിനുട്‌സ് മാധ്യമങ്ങൾ പുറത്തുവിട്ടു. ജനറൽ കൗൺസിലിലെ ഒമ്പത് പേരും യോഗത്തിൽ പങ്കെടുത്തതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.സമാന്തര യോഗം ചേർന്നിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ യോഗം ചേർന്ന അംഗങ്ങൾ തന്നെ രഞ്ജിത്തിന്റെ വാദത്തെ തള്ളി രംഗത്തുവന്നിരുന്നു. തങ്ങൾ യോഗം ചേർന്നതിന് രേഖയുണ്ടെന്നും ജനറൽ കൗൺസിൽ അംഗമായ സംവിധായകൻ മനോജ് കാന അടക്കം മാധ്യമങ്ങളോട് പറഞ്ഞിരുന്നുഈ യോഗത്തിന്റെ മിനുട്‌സാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രകാശ് ശ്രീധർ, മനോജ് കാന, സോഹൻ സീനുലാൽ, കുക്കു പരമേശ്വരൻ, സിബി കെ തോമസ്, എൻ അരുൺ, കെ ഡി ഷൈബു മുണ്ടയ്ക്കൽ, ജോബി എഎസ്, മുഹമ്മദ് കോയ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ചെയർമാൻ രഞ്ജിത്തിന്റെ ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ നിലപാട് അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടിരുന്നു.