സൗദി അറേബ്യയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇനി ഇറാനില്‍ പോകാന്‍ വിസ ആവശ്യമില്ല
തെഹ്‌റാന്‍: സൗദി അറേബ്യയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇനി ഇറാനില്‍ പോകാന്‍ വിസ ആവശ്യമില്ല. 33 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാന്‍ കഴിയുന്ന വിധത്തില്‍ ഇറാന്‍ ഇളവ് അനുവദിച്ചത്. ഇറാനിയന്‍ പൈതൃക, ടൂറിസം മന്ത്രി ഇസ്സത്തുല്ലാഹ് ദര്‍ഗാമിയാണ് ഇക്കാര്യം അറിയിച്ചത്.യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ്, ഇന്ത്യ, റഷ്യ, ലെബനന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ടുണീഷ്യ, മൗറിറ്റാനിയ, ടാന്‍സാനിയ, സിംബാബ്വെ, മൗറീഷ്യസ്, സീഷെല്‍സ്, ഇന്തോനേഷ്യ, ബ്രൂണെ, ജപ്പാന്‍, സിംഗപ്പൂര്‍, കംബോഡിയ, മലേഷ്യ, വിയറ്റ്‌നാം, ബ്രസീല്‍, പെറു, ക്യൂബ, മെക്‌സിക്കോ, വെനസ്വേല, ബോസ്‌നിയ ഹെര്‍സഗോവിന, സെര്‍ബിയ, ക്രൊയേഷ്യ, ബെലാറസ് എന്നീ രാജ്യങ്ങള്‍ക്കാണ് ഇറാന്‍ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്.രാജ്യ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറക്കാന്‍ സര്‍ക്കാര്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിനോദസഞ്ചാരം ലോകത്തിലെ എല്ലാ ജനങ്ങളുടെയും അവകാശമാണ്. മെഡിക്കല്‍ ടൂറിസത്തിന് പുറമേ ഇറാന്‍ പ്രകൃതിയാല്‍ ആകര്‍ഷകമായ രാജ്യങ്ങളിലൊന്നാണെന്നും ഈ സവിശേഷതകള്‍ ലോകത്തിന് ആസ്വദിക്കാന്‍ തങ്ങള്‍ അവസരം ഒരുക്കുകയാണെന്നും മന്ത്രി പറഞ്ഞു. പുറം ലോകവുമായി ഇറാനുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഏകപക്ഷീയമായി വിസാനിയമത്തില്‍ മാറ്റം വരുത്തിയത്. മതം, ചികിത്സ തുടങ്ങി വിവിധമേഖലകളില്‍ ടൂറിസം സാധ്യത വര്‍ധിപ്പിക്കുന്നതാണ് ഇറാന്റെ തീരുമാനം.‘ഇറാനോഫോബിയ’ എന്ന പ്രതിഭാസത്തെ ചെറുക്കുന്നതിനൊപ്പം കിംവദന്തികളെ പ്രതിരോധിക്കുക എന്നതാണ് ഈ നടപടിയിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.