അമിത ജോലിഭാരം കുറയ്ക്കും; പൊലീസ് സ്റ്റേഷനുകളിൽ അംഗബലം കൂട്ടാൻ സർക്കാർ

Spread the love

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ അംഗബലം കൂട്ടാനുള്ള നടപടിയുമായി സർക്കാർ. സ്റ്റേഷനുകളിലേക്ക് ആവശ്യമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അറിയിക്കാൻ ഡിജിപിയുടെ നിർദേശം. 15 ദിവസത്തിനുള്ളിൽ ഡി വൈ എസ് പിമാർ കണക്ക് നൽകണം. പൊലീസ് സേനയിലെ പ്രശ്നങ്ങൾ തുറന്ന് കാട്ടിയ കാക്കിക്ക് മരണക്കുരുക്ക് എന്ന മീഡിയ വൺ പരമ്പരയ്ക്ക് പിന്നാലെയാണ് നടപടി.സംസ്ഥാനത്തെ 484 പോലീസ് സ്റ്റേഷനുകളിൽ 364ലും പോലീസുകാരുടെ അംഗസംഖ്യ 50ൽ താഴെയാണ്. 44സ്റ്റേഷനുകളിൽ 19 മുതൽ 30 വരെ ഉദ്യോഗസ്ഥരെ ഉള്ളൂ. സ്റ്റേഷനിലെ ദൈനംദിന ഡ്യൂട്ടികൾ, ക്രമസമാധാനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്കാവശ്യമായ അംഗബലം നിർദ്ദേശിച്ച ഫോർമാറ്റിൽ നൽകാനാണ് ഡിജിപിയുടെ കത്തിൽ പറയുന്നത്. നിലവിലുള്ള അംഗബലമെത്ര ഇനിയെത്ര വേണം എന്ന കണക്ക് നൽകണം. അഞ്ച് ദിവസത്തിനുള്ളിൽ സ്റ്റേഷൻ ഓഫീസർമാർ ഡിവൈഎസ്പിമാർക്ക് കണക്ക് നൽകണം. ഇത് ക്രോഡീകരിച്ച് ഡിവൈഎസ്പിമാർ 15 ദിവസത്തിനുള്ളിൽ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.പോലീസുകാർക്ക് കൃത്യമായി അവധി നൽകാനും മാനസികസമ്മർദ്ദം കുറയ്ക്കാനാവശ്യമായ നടപടി സ്വീകരിക്കാനുമുള്ള നടപടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പോലീസിൽ ഒഴിവുള്ള തസ്തികകളിൽ ഇപ്പോഴും നിയമനം ഇഴഞ്ഞ് നീങ്ങുകയാണ്. നിലവിലെ റാങ്ക് ലിസ്റ്റിൻറെ കാലാവധി അവസാനിക്കാൻ നാല് മാസം മാത്രം അവശേഷിക്കുന്നു. നാമമാത്രമായ നിയമനം മാത്രമാണ് നടത്തിയിട്ടുള്ളത്. ഉറക്കമിളച്ച് പഠിച്ച് കഠിനമായ കായിക പരിശീലനം നേടി റാങ്ക് ലിസ്റ്റിലിടം പിടിച്ചവരുടെ കാര്യത്തിലും അടിയന്തിര നടപടിയുണ്ടാകണം

Leave a Reply

Your email address will not be published. Required fields are marked *