കാനത്തിന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് കേരളം;ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് കേരളം. ഞായറാഴ്ച രാവിലെ 11ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള പ്രമുഖർ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു. അഞ്ച് പതിറ്റാണ്ടോളം കർമമണ്ഡലമായിരുന്ന രാഷ്ട്രീയതലസ്ഥാനം യാത്രയാക്കിയ പ്രിയസഖാവിനെയും കാത്ത് തിരുവനന്തപുരം മുതൽ വാഴൂർവരെ പാതയോരങ്ങളിൽ ആയിരങ്ങളെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളി വൈകിട്ട് അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹവും വഹിച്ചുള്ള പ്രത്യേക വിമാനം ശനി രാവിലെ 8.50നാണ് തിരുവനന്തപുരത്തെത്തിയത്. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ബിനോയ് വിശ്വം എംപി, കാനത്തിന്റെ മകൻ സന്ദീപ് എന്നിവർ ഒപ്പമുണ്ടായിരുന്നു. മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയിൽ സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസായി പ്രവർത്തിക്കുന്ന പി എസ് സ്മാരകത്തിലേക്ക് വിലാപയാത്രയെത്തുമ്പോൾ സമയം 11.15. എഐടിയുസി ജനറൽ സെക്രട്ടറി ആയിരിക്കെ പടുത്തുയർത്തിയ മന്ദിരത്തിൽ ലാൽസലാം വിളികൾ കേൾക്കാതെ കാനം മരണം പുതച്ചുകിടന്നു. കാനത്തിന്റെ ജീവിതചിത്രങ്ങൾ ആലേഖനം ചെയ്‌തൊരുക്കിയ കെഎസ്‌ആർടിസി ബസിൽ പകൽ രണ്ടിന് വിലാപയാത്ര ജന്മനാടായ കാനത്തേക്ക് പുറപ്പെട്ടു. മന്ത്രിമാരും നേതാക്കളും കുടുംബാംഗങ്ങളുമെല്ലാം അനുഗമിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിശ്ചയിച്ച 21 കേന്ദ്രങ്ങളിൽ കാനത്തെ കാണാൻ നൂറുക്കണക്കിനാളുകൾ കാത്തുനിന്നു. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്ച പുലർച്ചെയാണ് കാനത്തെ വീട്ടിലെത്തിയത്.