തലസ്ഥാന നഗരിയിൽ പുതിയ പരീക്ഷണത്തിന് തുടക്കമിട്ട് കെഎസ്ആർടിസി
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പുതിയ പരീക്ഷണത്തിന് തുടക്കമിട്ട് കെഎസ്ആർടിസി. സിറ്റി സർവീസുകളുടെ റിയൽ ടൈം റൺ അറിയാൻ സാധിക്കുന്ന പ്രത്യേക ഫീച്ചറിനാണ് കെഎസ്ആർടിസി തുടക്കമിട്ടിരിക്കുന്നത്. 1എ (റെഡ്), 1സി (റെഡ്), 2എ(ബ്ലൂ), 2എ(ഗ്രീൻ), 3എ(മജന്ത), 4എ(യെല്ലോ), 5എ(വയലറ്റ്), 5സി(വയലറ്റ്), 6സി(ബ്രൗൺ), 7എ(ഗ്രീൻ), 8എ(എയർ റെയിൽ), 9എ(ഓറഞ്ച്) എന്നീ സർവീസുകളുടെയാണ് റിയൽ ടൈം ട്രയൽ റൺ അറിയാൻ സാധിക്കുക. ഈ വിവരങ്ങൾ ഗൂഗിൾ ട്രാൻസിറ്റ് ഫീച്ചർ വഴി ഗൂഗിൾ മാപ്പിലൂടെ ലഭ്യമാകുന്നതാണ്.സിറ്റി ബസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് ബസ് സ്റ്റോപ്പിൽ എത്തിയാൽ മതിയാകും. പൊതുജനങ്ങൾക്ക് ഗൂഗിൾ മാപ്പിലെ ബസ് സ്റ്റോപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ, ആ സ്റ്റോപ്പിലൂടെ കടന്നുപോകുന്ന ബസുകളുടെ വിവരങ്ങൾ അറിയാൻ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം. ലൈവ് എന്ന് കാണിക്കുകയാണെങ്കിൽ പ്രസ്തുത ബസിന്റെ തൽസമയ വിവരങ്ങൾ കൃത്യമായി അറിയുവാനും, ഷെഡ്യൂൾ എന്ന് മാത്രം കാണിക്കുകയാണെങ്കിൽ ബസിന്റെ ഷെഡ്യൂൾ സമയം മാത്രം അറിയാനും സാധിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് സിറ്റി ബസുകളിൽ റിയൽ ടൈം ട്രയൽ റൺ അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ മുഴുവൻ സിറ്റി ബസുകളുടെ സമയക്രമവും അറിയാൻ സാധിക്കുന്നതാണ്.