തടവിലാക്കിയ 12 ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്

Spread the love

ടെല്‍ അവീവ്: തടവിലാക്കിയ 12 ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ ഇരുപക്ഷവും സമ്മതിച്ചതിന് പിന്നാലെയാണ് കൂടുതല്‍ ബന്ദികളെ വിട്ടയച്ചിരിക്കുന്നത്. ഇസ്രായേല്‍ ജയിലുകളില്‍ തടവില്‍ കഴിയുകയായിരുന്ന 30 പലസ്തീന്‍കാരേയും വിട്ടയച്ചിട്ടുണ്ട്. 10 ഇസ്രായേലി പൗരന്മാരേയും രണ്ട് വിദേശ പൗരന്മാരേയുമാണ് ഹമാസ് കഴിഞ്ഞ ദിവസം വിട്ടയച്ചത്.റെഡ് ക്രോസിന് കൈമാറിയ ഇവര്‍ നിലവില്‍ ഇസ്രായേല്‍ സൈന്യത്തിന് ഒപ്പമാണെന്ന് ഐഡിഎഫ് അറിയിച്ചു. ദിവസവും ഇസ്രായേല്‍ പൗരന്മാരായ 10 പേരെ വീതം വിട്ടയയ്ക്കുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാമെന്ന് ഇസ്രായേല്‍ ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉള്ളവര്‍ ഇപ്പോഴും ഹമാസിന്റെ തടവിലുണ്ട്.വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ കരാര്‍ ആരംഭിച്ചതിന് ശേഷം 81 ബന്ദികളെയാണ് ഹമാസ് വിട്ടയച്ചത്. ഇതില്‍ 60 പേര്‍ ഇസ്രായേല്‍ പൗരന്മാരും, 21 പേര്‍ വിദേശികളുമാണ്. തായ് പൗരന്മാരാണ് വിട്ടയയ്ക്കപ്പെട്ട വിദേശികളില്‍ ഭൂരിഭാഗവും. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 150 തടവുകാരെ ഇസ്രായേലും വിട്ടയച്ചിട്ടുണ്ട്.അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നതിനിടയിലും തങ്ങളുടെ സൈനികര്‍ക്ക് നേരെ വ്യവസ്ഥകള്‍ ലംഘിച്ച് രണ്ടിടങ്ങളില്‍ ആക്രമണം ഉണ്ടായതായി ഇസ്രായേല്‍ സൈന്യം ആരോപിച്ചു.ഗാസയില്‍ സ്ഥിതിഗതികള്‍ സമാധാനപരമായിരുന്നുവെന്നും, ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈനികരെ ലക്ഷ്യമിട്ട് സ്ഫോടനം ഉണ്ടായി. സൈനികര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സൈനികര്‍ അതീവ ജാഗ്രതയിലാണെന്നും, ഏത് സമയത്തും പോരാട്ടം തുടരാന്‍ ഒരുക്കമാണെന്നും ഐഡിഎഫ് ലെഫ്.ജന.ഹെര്‍സി ഹലേവി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *