വൻ തുക ചെലവാക്കി ചാവക്കാട് കടൽത്തീരത്ത് നിർമിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു
തൃശൂർ: വൻ തുക ചെലവാക്കി ചാവക്കാട് കടൽത്തീരത്ത് നിർമിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ബ്രിഡ്ജ് തകർന്ന് രണ്ടു കഷണമായത്. അധികം ആളുകൾ ഇല്ലാത്ത സമയമായതിനാൽ വൻ അപകടം ഒഴിവായി. ഇതേത്തുടർന്ന് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ നടത്തിപ്പുകാർ എത്തി ബ്രിഡ്ജ് കടലിൽ നിന്ന് കരയിലേക്ക് കയറ്റി. രണ്ടു മാസം മുൻപ് ഒക്റ്റോബർ 1നാണ് മന്ത്രി മുഹമ്മദ് റിയാദ് ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചത്.പദ്ധതി ഏറെ വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തീരദേശ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 80 ലക്ഷത്തിൽ അധികം രൂപ ചെലവഴിച്ചാണ് സർക്കാർ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചത്. സ്വകാര്യ സംരംഭകരുമായി സഹകരിച്ചായിരുന്നു നിർമാണം. ഒരേ സമയം100 പേർക്കു വരെ ബ്രിഡ്ജിൽ കയറാൻ അനുമതി ലഭിച്ചിരുന്നു. 110 മീറ്റർ നീളത്തിൽ നിർമിച്ചിരുന്ന ബ്രിഡ്ജ് ശക്തമായ തിരയിലും കാറ്റിലുമാണ് തകർന്നത്.ബ്രിഡ്ജിലേക്ക് പ്രവേശിക്കാൻ 120 രൂപയാണ് ഒരാൾക്ക് ഈടാക്കിയിരുന്നത്. വരുമാനം മുഴുവൻ സ്വകാര്യ കമ്പനിക്കാണ് ലഭിച്ചിരുന്നതെന്നും ആരോപണമുണ്ട്.