സംസ്ഥാനത്ത് ദിവസങ്ങൾ നീണ്ട അതിതീവ്ര മഴയ്ക്ക് ഇന്ന് നേരിയ ശമനം
സംസ്ഥാനത്ത് ദിവസങ്ങൾ നീണ്ട അതിതീവ്ര മഴയ്ക്ക് ഇന്ന് നേരിയ ശമനം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, ഇന്ന് എവിടെയും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ഇനി 12ന് ശേഷം മാത്രമാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളൂ. പന്ത്രണ്ടാം തീയതി കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ തുടങ്ങിയ വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി മഴ പെയ്ത മലയോര മേഖലകളിൽ ജാഗ്രത തുടരേണ്ടതാണ്. കൂടാതെ, തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. കടലാക്രമണം തുടരുന്ന സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളിൽ 45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ, മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ സാധ്യതയുണ്ട്.