ലഹരി വേട്ടയുമായി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ
ചെന്നൈ: വന്‍ ലഹരി വേട്ടയുമായി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ. സംഭവത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ 8 പേര്‍ അറസ്റ്റിലായി. ചെന്നൈ, ഇംഫാല്‍ എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയ ലഹരി വസ്തുവിന് 75 കോടി രൂപ വിലവരുമെന്ന് എന്‍ സി ബി അറിയിച്ചു. ഡിസംബര്‍ 21നും 28നും ആണ് ഇതുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റുകള്‍ നടന്നിരിക്കുന്നത്.ഡിസംബര്‍ 21ന് 4.8 കിലോ മെത്താഫെറ്റാമൈനുമായി 4 പേരാണ് പിടിയിലായത്. ചെന്നൈ സ്വദേശികളായ ചിന്താമണി, വീര ശെല്‍വം, ശരവണന്‍, ജോസഫ് പോള്‍ എന്നിവരെയാണ് പിടികൂടിയത്. ഇതിന് ശേഷം നടത്തിയ സംയുക്ത ഡ്രൈവിലാണ് ഇംഫാലിലെ മൊറയില്‍ വെച്ച് ഇപ്പോള്‍ 4 പേരെ കൂടി പിടികൂടുന്നത്. കലൈമണി, രവി, റീന, റോഷന്‍കുമാര്‍ എന്നിവരാണ് കുടുങ്ങിയത്. ഇവരില്‍ നിന്ന് 11 കിലോ മെത്താഫെറ്റാമൈനാണ് പിടികൂടിയത്.മൊത്തം 15.8 കിലോ മെത്താഫെറ്റാമൈന്‍ പിടികൂടിയിട്ടുണ്ട്. ചെന്നൈ വഴി ശ്രീലങ്കയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു ഈ ലഹരി വസ്തുക്കള്‍. ചായ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.