രോഗം ബാധിച്ച് ചികിൽസയിലുള്ള അയൽക്കാരനെ ആശുപത്രിയിലെത്തിക്കാനെത്തി സ്വർണമാല മോഷ്ട്‌ടിച്ച് വിറ്റ് യുവാവ് അറസ്റ്റിൽ

Spread the love

പത്തനംതിട്ട: രോഗം ബാധിച്ച് ചികിൽസയിലുള്ള അയൽക്കാരനെ ആശുപത്രിയിലെത്തിക്കാനെത്തി സ്വർണമാല മോഷ്ടിച്ച് വിറ്റ് യുവാവ് അറസ്റ്റിൽ. ഇലവുംതിട്ട പൂപ്പൻകാല ദീപുസദനം ദീപു (38)വിനെയാണ് പോലീസ് ഇൻസ്പെക്ടർ ടി.കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. അയൽവാസിയായ മേലുത്തേമുക്ക് അജിഭവനിൽ കല ഭാസ്കറിന്റെ പരാതിയിലാണ് അറസ്റ്റ്. കലയുടെസഹോദരി ഭർത്താവ് ജ്ഞാനദാസിൻറെ മാലയാണ് മോഷ്ടിച്ചത്. ശനിയാഴ്‌ചയാണ് സംഭവം. നെഞ്ചുവേദന വന്ന ജ്ഞാനദാസിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകാൻ സഹായത്തിന് വന്നതാണ് ദീപു.ഈ സമയം ജ്ഞാനദാസ് തൻ്റെ 2.5 പവൻ സ്വർണമാല ഊരി കട്ടിലിൻ്റെ പടിയിൽ വച്ചിരുന്നു. ആശുപത്രിയിൽ കാണിച്ച ശേഷം തിരികെ വന്ന ദീപു കാറിന്റെ താക്കോൽ നൽകുന്നതിന് വീട്ടിൽ കയറിയിരുന്നു. ഈ വീട്ടിൽ ദീപുവിന് സ്വാതന്ത്ര്യമുള്ളയാളാണ്. ഞായറാഴ്ച ജ്ഞാനദാസിന്റെ രോഗാവസ്ഥയ്ക്ക് മാറ്റം വന്നപ്പോഴാണ് താൻ മാലയൂരി കട്ടിലിൽ വച്ചിരുന്നുവെന്ന് ബന്ധുക്കളോട് പറഞ്ഞത്. വിവരം സഹോദരി കലയെ അറിയിച്ചു. അവർ വീട്ടിൽ പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.ഇതിനിടെ തനിക്ക് ലോട്ടറിയടിച്ചുവെന്ന് പറഞ്ഞ് ദീപു നാട്ടിൽ കൈ നിറയെ പണവുമായി എത്തിയത്.സുഹൃത്തുക്കൾക്ക് ചെലവും ചെയ്തു. സംശയം തോന്നി ദീപുവിനെ ചോദ്യം ചെയ്‌തപ്പോഴാണ് മാല പത്തനംതിട്ടയിലെ ജൂവലറിയിൽ 1.27 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് പറഞ്ഞത്. ഇവിടെ നിന്ന് മാല കസ്റ്റഡിയിൽ എടുത്തു.സുഹൃത്തുക്കൾക്ക് ചെലവ് ചെയ്തിന്റെ ബാക്കി 96000 രൂപ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ദീപുവിനെ നാളെ കോടതിയിൽ ഹാജരാക്കും.എസ്.ഐമാരായ അനിൽ, വിനോദ്, സി.പി.ഓമാരായ രാജേഷ്, അനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *