തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി
കൊല്ലം: തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി.20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയവർക്കായി തിരച്ചിൽ തുടരുന്നു. കുട്ടിയെ ഉപേക്ഷിച്ചശേഷം ഇവർ കടന്നുകളഞ്ഞുവെന്നാണ് വിവരംകോട്ടയം പുതുവേലിയിൽ ഉൾപ്പെടെ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. പുതുവേലി കവലയിലെ ബേക്കറിയിൽ രണ്ടു പുരുഷനും ഒരു സ്ത്രീയും ചായ കുടിക്കാനെത്തിയിരുന്നു. എത്തിയവരിൽ ഒരാൾക്ക് രേഖാചിത്രവുമായി സാമ്യമുണ്ടെന്ന് കടയുടമയ്ക്ക് സംശയം തോന്നി. തുടർന്നാണ് െപാലീസ് പരിശോധന നടത്തിയത്. കാറിലാണ് ഇവർ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു.സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. കൊല്ലം വേളമാനൂരിലൂടെയും കല്ലുവാതുക്കലിലൂടെയും കാർ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വീടുകളടക്കം പൊലീസ് കയറി പരിശോധിക്കുന്നുണ്ട്. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി.സ്പർജൻ കുമാർ അറിയിച്ചു. പൊലീസ് സംഘം അബിഗേലിന്റെ വീട്ടിലെത്തി പിതാവ് റെജിയുടെ മൊഴിയെടുത്തു.അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടത്. കുട്ടി സുരക്ഷിതയാണ്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു എന്നായിരുന്നു ഫോണില്‍ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയോട് പറഞ്ഞത്. അപ്പൂപ്പൻപാറയിലെ ക്വാറിയിലുൾപ്പെടെ സമീപ പ്രദേശങ്ങളിലെ ക്വാറികളിലും തിരച്ചിൽ നടത്തി.