സർവീസുകൾ പുനരാരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ പ്രതീക്ഷകൾ പൂർണമായും മങ്ങുന്നു : നടപടിയിലേക്ക് നീങ്ങാനൊരുങ്ങി ബാങ്കുകൾ

Spread the love

സർവീസുകൾ പുനരാരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ പ്രതീക്ഷകൾ പൂർണമായും മങ്ങുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റിനെ ആരും ഏറ്റെടുക്കാൻ തയ്യാറാകാത്തതോടെയാണ് വീണ്ടും പറക്കാനുള്ള പ്രതീക്ഷകൾ അസ്തമിക്കുന്നത്. ഇതോടെ, വായ്പ നൽകിയ പണം വീണ്ടെടുക്കാൻ ഗോ ഫസ്റ്റിന്റെ വിമാനങ്ങളും സ്വത്തുക്കളും വിൽക്കാനാണ് ബാങ്കുകളുടെ തീരുമാനം. 6,500 കോടി രൂപയുടെ ബാധ്യതയാണ് ഗോ ഫസ്റ്റിന് ഉള്ളത്. നേരത്തെ ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ ജിൻഡാൽ ഗ്രൂപ്പ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, എയർലൈനിന്റെ സാമ്പത്തിക ബാധ്യത വിലയിരുത്തിയതോടെ ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു.കടം വീട്ടാൻ ഇനി കൂടുതൽ സമയം അനുവദിക്കില്ലെന്ന് ബാങ്കുകൾ അറിയിച്ചിട്ടുണ്ട്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ രണ്ട് പൊതുമേഖലാ ബാങ്കുകളിൽ നിന്നാണ് ഗോ ഫസ്റ്റ് കൂടുതലായും പണം കടമെടുത്തത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1,987 കോടി രൂപയും, ബാങ്ക് ഓഫ് ബറോഡയ്ക്ക് 1,430 കോടി രൂപയുമാണ് നൽകാനുള്ളത്. കൂടാതെ, സർവീസുകൾ റദ്ദ് ചെയ്തതിനെ തുടർന്ന് 15 ലക്ഷത്തിലധികം യാത്രക്കാർക്ക് 600 കോടി രൂപയോളം റീഫണ്ട് ഇനത്തിലും നൽകാൻ ബാക്കിയുണ്ട്. ഈ വർഷം മെയ് മുതലാണ് ഗോ ഫസ്റ്റ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്. ഗോ ഫസ്റ്റ് വിമാനങ്ങളിൽ ഉപയോഗിച്ച പ്രാറ്റ് ആന്‍റ് വിറ്റ്നി കമ്പനിയുടെ എഞ്ചിനുകൾ കൂട്ടത്തോടെ തകരാറിലായതാണ് എയർലൈനിന്‍റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *