മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച കേസിൽ : വഴിത്തിരിവ്
തൃശൂർ: തിരുവില്വാമലയിൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച കേസിൽ വഴിത്തിരിവ്. കുട്ടിയുടെ മരണം പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന. ഫോറൻസിക് റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ.ഇതുസംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് പോലീസിനു കൈമാറി. പറമ്പിൽ കിടന്ന പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക്കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകളായ ആദിത്യശ്രീയാണു കഴിഞ്ഞ ഏപ്രിൽ 26ന് മരിച്ചത്.സ്ഫോടനത്തിൽ കുട്ടിയുടെ മുഖം തിരിച്ചറിയാനാവാത്തനിലയിലായിരുന്നു. ഇതിൽ പോലീസ് സർജൻ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. തുടർന്നു നടത്തിയ പരിശോധനയിലാണ് പോട്ടാസിയം ക്ലോറൈറ്റിന്റെയും സൾഫറിന്റെയും സാന്നിധ്യം കണ്ടെത്തിയത്. ഇത് പന്നിപ്പടക്കത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഉണ്ടായതാകാമെന്ന നിഗമനത്തിലാണ് ഫോറൻസിക് വിഭാഗം.