കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി വരിഞ്ഞ് മുറുക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

Spread the love

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി വരിഞ്ഞ് മുറുക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നിലവില്‍ സംസ്ഥാനം സാമ്പത്തികമായി അനുഭവിക്കുന്ന പ്രയാസങ്ങള്‍ കേന്ദ്ര നയങ്ങള്‍ കാരണമാണെന്നും അദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ സര്‍ക്കാര്‍ തലത്തില്‍ തന്നെ സമരപരിപാടികള്‍ നടത്തും.ഇത്തരം ജനവിരുദ്ധമായ നയങ്ങളോടുള്ള പ്രതിഷേധമായും സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചും മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാരും മുഴുവന്‍ എംഎല്‍എമാരും ഇടത് എംപിമാരും ഡല്‍ഹിയില്‍ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജനുവരിയില്‍ പ്രതിഷേധം സംഘടിപ്പിക്കും നടത്തും. സാമ്പത്തിക പ്രശ്‌നങ്ങളും അവഗണനയുമെല്ലാം സമരത്തില്‍ ഉന്നയിക്കപ്പെടുമെന്നും ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഇതിനെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.കേന്ദ്ര ഗവണ്‍മെന്റിന്റെ അവഗണനയ്ക്കും വികസനങ്ങളെ എതിര്‍ക്കുന്ന നിലപാടിനുമെതിരെ പ്രതികരിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. കേരള വിരോധ സമീപനത്തിനെതിരെ ശബ്ദം ഉയരേണ്ടതുണ്ട്. ഇതിനായി എല്‍ഡിഎഫ് സംസ്ഥാനത്തുടനീളം വിപുലമായ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. ജില്ല, സംസ്ഥാന അടിസ്ഥാനത്തില്‍ പ്രത്യേക യോഗങ്ങള്‍ ചേരും. 18 മുതല്‍ ഡിസംബര്‍ 24 വരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മണ്ഡലങ്ങളില്‍ നടക്കുന്ന കൂട്ടായ്മയ്‌ക്കൊപ്പം തന്നെ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. താല്‍പര്യമുള്ള എല്ലാവരെയും ഇതിന്റെ ഭാഗമാക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.സാമ്പത്തിക മേഖലയില്‍ കേരളം ഒട്ടനവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതേപ്പറ്റി സംസ്ഥാനകമ്മിറ്റി ചര്‍ച്ച ചെയ്തു. ഇനിയും ഒരുപാട് വികസനപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടത്തേണ്ടതുണ്ട്. അതിനായി സാമ്പത്തികം ആവശ്യമുണ്ട്. ഇതിനായി ഗവണ്‍മെന്റ് പരമാവധി വിഭവ ശേഖരണം നടത്തുന്നുണ്ട്. ഈ വര്‍ഷം 71000 കോടി രൂപ പഴയ കുടിശികകള്‍ പിരിച്ചെടുക്കാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 48000 കോടി രൂപ ആയിരുന്നു. എന്നാല്‍ കേരളം കുടിശിക പിരിക്കുന്നില്ല എന്നതായിരുന്നു ഓഡിറ്റ് ഡിപ്പാര്‍ട്‌മെന്റ് നടത്തിയ നിരീക്ഷണം. ഇത് തെറ്റാണ്. ഇഎംഎസ് ഗവണ്‍മെന്റിന്റെ കാലം മുതലുള്ള തുകകള്‍ എല്ലാം കൂട്ടിച്ചേര്‍ത്ത് കാട്ടിയിട്ട് അതാണ് കുടിശിക എന്ന് വ്യാഖ്യാനിക്കാന്‍ കേരള വിരോധികള്‍ക്കേ സാധിക്കുകയുള്ളുവെന്നും അദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *