ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത ഡീസലിൽ ഓടുന്ന ലൈറ്റ് കൊമേർഷ്യൽ വാഹനങ്ങൾക്ക് ഉൾപ്പെടെ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ സർവീസ് നടത്തുന്ന ഡീസൽ ഇടത്തരം ചരക്ക് വാഹനങ്ങൾക്കും, ഹെവി ഗുഡ്സ് വാഹനങ്ങൾക്കും നിരോധനത്തിനോടൊപ്പം, ഘട്ടം 4 കീഴിലുള്ള നടപടികളും ഡൽഹിയിൽ നടപ്പാക്കിയിട്ടുണ്ട്. നിലവിൽ, ബിഎസ്-6 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാത്ത മുഴുവൻ വാഹനങ്ങളും നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.ഓരോ ദിവസം കഴിയുംതോറും ഡൽഹിയിലെ സാഹചര്യം ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കിയിരിക്കുന്നത്. അതേസമയം, നഗരത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സംസ്ഥാന സർക്കാർ ഇന്ന് അടിയന്തര യോഗം ചേരുന്നതാണ്. തുടർച്ചയായ നാലാം ദിവസവും മലിനീകരണത്തിന്റെ തോത് ഉയർന്നതിനാൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ അവസാന ഘട്ടം ഇന്നലെ മുതൽ നടപ്പാക്കിയിരുന്നു. പ്രൈമറി ക്ലാസ് വിദ്യാർത്ഥികൾക്ക് നവംബർ 10 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.