ഓണാട്ടുകരയുടെ പെരുമ കേരളീയം വേദിയിലും

ഓണാട്ടുകരയുടെ കാര്‍ഷിക സമൃദ്ധിയും ചെട്ടികുളങ്ങരയുടെ പൈതൃക പെരുമയും അനന്തപുരിയിലേക്ക് എത്തിച്ചു കേരളീയം വേദി. കലാ പാരമ്പര്യത്തേയും സംസ്‌കാരത്തേയും അടയാളപ്പെടുത്തുന്ന ഓച്ചിറ ഇരുപത്തിയെട്ടാം ഓണത്തിന്റെ ആകര്‍ഷണമായ കെട്ടുകാളയും ചെട്ടികുളങ്ങര കുംഭ ഭരണി ആഘോഷത്തിന്റെ ആകര്‍ഷണ കേന്ദ്രമായ തേരുമാണ് (കുതിര) കേരളീയം വേദിയില്‍ ഒരുക്കിയിരിക്കുന്നത്. തടി, ഇരുമ്പുപാളികള്‍, കച്ചി, തുണി എന്നിവ ഉപയോഗിച്ചാണ് 25 അടി ഉയരമുള്ള കെട്ടുകാള ടാഗോര്‍ തിയേറ്ററിന് മുന്‍ഭാഗത്തായി നിര്‍മിച്ചിരിക്കുന്നത്. പട്ടും ആഭരണങ്ങളും മുത്തുക്കുടയും ഉപയോഗിച്ച് അലങ്കരിച്ചിട്ടുമുണ്ട്. കനകക്കുന്ന് കവാടത്തില്‍ ഒരുക്കിയ തേരിന് (കുതിര) 35 അടി ഉയരമുണ്ട്. ആര്‍ട്ടിസ്റ്റ് എം. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കൗതുക കാഴ്ച ഒരുക്കിയിരിക്കുന്നത്.