നോളജ് ഇക്കണോമി; സംരംഭകത്വ വികസനത്തില്‍ പുതുമാതൃകയുമായി എം.ജി സര്‍വകലാശാല

Spread the love

വിദ്യാര്‍ഥികളും അധ്യാപകരും നടത്തുന്ന പഠന, ഗവേഷണ കണ്ടുപിടുത്തങ്ങള്‍ പ്രബന്ധങ്ങളിലും പുസ്തകങ്ങളിലും മാത്രമൊതുക്കാതെ വ്യവസായ സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള ചുവടുവയ്പ്പുമായി കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാല. കേരളീയം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മൈക്രോ ഈവന്റിലാണ് ഇതു സംബന്ധിച്ച എം.ജി സര്‍വകലാശാലയുടെ അവതരണം ശ്രദ്ധ നേടിയത്.ആഗോള മാറ്റങ്ങള്‍ക്കനുസൃതമായി വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളോടുചേര്‍ന്നു നിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍വകലാശാലയില്‍ നടത്തുന്നതെന്ന് പദ്ധതി അവതരിപ്പിച്ച ബിസിനസ് ഇനൊവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്‍ പറഞ്ഞു.വിവിധ ശാസ്ത്രശാഖകളില്‍ പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലകളില്‍ നൈപുണ്യ വികസനത്തിന് വഴിയൊരുക്കിയാണ് സര്‍വകലാശാല അവരെ ആ മേഖലയില്‍ സംരംഭകരായി മാറ്റുന്നത്. കണ്ടുപിടുത്തങ്ങള്‍ വ്യവസായ സംരംഭകര്‍ക്ക് കൈമാറുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. അക്കാദമിക് ചുമതകളെ ബാധിക്കാത്ത രീതിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് അധ്യാപകര്‍ക്കും സര്‍വകലാശാല അനുമതി നല്‍കിയിട്ടുണ്ടെന്നും ഡോ. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.വൈജ്ഞാനിക സമ്പദ് വ്യവസ്ഥയും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയും എന്ന വിഷയത്തില്‍ നടന്ന മൈക്രോ ഇവന്റില്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് മേധാവി ഡോ. സന്തോഷ് തമ്പി അധ്യക്ഷത വഹിച്ചു. സര്‍വകലാശാലാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ലെയ്‌സണ്‍ ഓഫീസര്‍ എസ്. പ്രേംലാല്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *