ഒന്നാംഘട്ട വോട്ടെടുപ്പു നടക്കുന്ന 102 മണ്ഡലങ്ങളിലെ കണക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യാസഖ്യം
ന്യൂഡല്‍ഹി: ഒന്നാംഘട്ട വോട്ടെടുപ്പു നടക്കുന്ന 102 മണ്ഡലങ്ങളിലെ കണക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യാസഖ്യം; കഴിഞ്ഞ തവണ നേടിയ നേരിയ ആധിപത്യം മെച്ചപ്പെടുത്താനുറച്ച് എന്‍ഡിഎ. രണ്ടായാലും 7 ഘട്ടമായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പൊതുസൂചന രാജ്യത്തിന്റെ പല ഭാഗത്തായി കിടക്കുന്ന ഈ മണ്ഡലങ്ങളിലെ ഫലത്തില്‍ തെളിയും.2019ലെ കണക്കുപ്രകാരം, എന്‍ഡിഎയ്ക്ക് 51 സീറ്റും ഇന്ത്യാസഖ്യം പാര്‍ട്ടികള്‍ക്ക് 48 സീറ്റുമായിരുന്നു. കഴിഞ്ഞ തവണത്തേതില്‍ നിന്നു വ്യത്യസ്തമായി പ്രവചനാതീത അന്തരീക്ഷത്തിലേക്ക് മാറിയ ഒട്ടേറെ മണ്ഡലങ്ങള്‍ ഇവയിലുണ്ട്. ഫലത്തില്‍, ആര്‍ക്കും മേധാവിത്വം ഉറപ്പിക്കാന്‍ കഴിയാത്ത തീപാറുന്ന ഇഞ്ചോടിച്ചു പോരാട്ടത്തോടെയാണ് 18ാം ലോക്‌സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പു നാളെ നടക്കുക.ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ ഗതി തീരുമാനിക്കുന്ന 2 സംസ്ഥാനങ്ങള്‍ തമിഴ്‌നാടും രാജസ്ഥാനുമാകും. ആകെ സീറ്റുകളില്‍ 39 എണ്ണവും തമിഴ്‌നാട്ടിലാണെന്നത് ഇന്ത്യാസഖ്യത്തിനു ബലമേകുന്നു. അതിനു തടയിടാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നില്‍നിര്‍ത്തി ബിജെപി ശ്രമിക്കുന്നത്. വിജയപ്രതീക്ഷയുള്ളതോ നേരത്തേ വിജയിക്കുകയോ ചെയ്തിട്ടുള്ള 6 മണ്ഡലങ്ങളിലാണു ബിജെപി സര്‍വശക്തിയുമെടുത്തു പോരാടുന്നത്.തമിഴ്‌നാട്ടില്‍ നേടുന്ന ഓരോ സീറ്റും വമ്പന്‍ ഭൂരിപക്ഷം ലക്ഷ്യമിടുന്ന ബിജെപിക്കു കരുത്താകും; മറ്റിടങ്ങളില്‍ കുറഞ്ഞാല്‍ പരിഹാരവുമാകും. നേരേ തിരിച്ചാണ് രാജസ്ഥാനിലെ സ്ഥിതി. 2019 ല്‍ ബിജെപി തൂത്തുവാരിയ അവിടെ ആദ്യഘട്ടത്തില്‍ 12 ഇടത്തു വോട്ടെടുപ്പ് നടക്കുന്നു. ബിജെപി കൂട്ട് വിട്ടെത്തിയ ആര്‍എല്‍ടിപി നേതാവ് ഹനുമാന്‍ ബനിവാള്‍ 2019 ല്‍ വിജയിച്ച നഗൗറിലും സിപിഎമ്മിനു വിട്ടുകൊടുത്ത സീക്കറിലും ഇന്ത്യാസഖ്യം പ്രതീക്ഷവയ്ക്കുന്നു.ഭരണം നഷ്ടമായെങ്കിലും രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പു ഫലം നല്‍കുന്ന കണക്കുപ്രകാരം, ആദ്യഘട്ടത്തിലെ ജയ്പുര്‍ റൂറല്‍, അല്‍വര്‍, ജുന്‍ജുനു, ഭരത്പുര്‍, ഗംഗാനഗര്‍ മണ്ഡലങ്ങളും കോണ്‍ഗ്രസിലേക്ക് കൂടുമാറിയ ബിജെപി സിറ്റിങ് എംപി രാഹുല്‍ കസ്വാന്‍ മത്സരിക്കുന്ന ചുരുവും കോണ്‍ഗ്രസ് പയറ്റിനോക്കുന്നു. 2019 ലെ കണക്ക് അനുകൂലമല്ലെങ്കിലും രാജസ്ഥാനില്‍ കിട്ടുന്നത് ഓരോന്നും ഇന്ത്യാസഖ്യത്തിന് ബോണസാകും.ബിജെപി പ്രതീക്ഷകളുടെ പ്രഭവകേന്ദ്രമായ യുപിയിലെ 8 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. തൂത്തുവാരാന്‍ മോഹിക്കുന്ന സംസ്ഥാനത്ത് 2019 ലെ കണക്കുകള്‍ ബിജെപിക്ക് അത്ര പ്രതീക്ഷ നല്‍കുന്നതല്ല; 3 വീതം ബിജെപിയും ബിഎസ്പിയും 2 എണ്ണം എസ്പിയും പങ്കിട്ടെടുക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ കൂടി പിന്തുണ ഉണ്ടെങ്കിലും ബിഎസ്പി വോട്ടുകള്‍ക്കു സംഭവിക്കാവുന്ന ചാഞ്ചാട്ടം നിര്‍ണായകമാകും.ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പു പൂര്‍ത്തിയാകുന്ന ഉത്തരാഖണ്ഡില്‍ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2019 ല്‍ 5 സീറ്റും തൂത്തുവാരിയ ഇവിടെ കോണ്‍ഗ്രസും അദ്ഭുതം പ്രതീക്ഷിക്കുന്നില്ല. അഗ്‌നിപഥ് പദ്ധതിയോടുള്ള എതിര്‍പ്പും കര്‍ഷകരോഷവും ഉണ്ടെങ്കിലും ഏക വ്യക്തി നിയമവും സില്‍ക്യാരയിലെ രക്ഷാപ്രവര്‍ത്തനവും തുണയാകുമെന്നു ബിജെപി കരുതുന്നു.മഹാരാഷ്ട്രയിലും 5 ഇടത്താണ് മത്സരം. ബിജെപി കോട്ടയെന്നു കരുതുന്ന കിഴക്കന്‍ വിദര്‍ഭ മേഖലയിലെ സീറ്റുകളില്‍ ഇന്ത്യാസഖ്യത്തിനു ജീവന്‍ വച്ചിട്ടുണ്ട്. അവിടെയും ചില സീറ്റുകളിലെങ്കിലും ഇഞ്ചോടിഞ്ച് മത്സരമുണ്ട്. ബിജെപിയുടെ കോട്ടയെന്നുറപ്പിച്ച മധ്യപ്രദേശില്‍, നിലനിര്‍ത്താന്‍ കഴിയുമെന്നു കോണ്‍ഗ്രസ് കണക്കുകൂട്ടുന്ന ചിന്ത്വാഡയിലെ വോട്ടെടുപ്പ് ആദ്യ ഘട്ടത്തിലാണ്. ഇവയ്ക്ക് പുറമേ, ബിഹാറിലെ 4 മണ്ഡലങ്ങളിലും ബംഗാളിലെ മൂന്നിടത്തും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ഛത്തീസ്ഗഡിലെ ബസ്തര്‍, ജമ്മു കശ്മീരിലെ ഉധംപുര്‍ എന്നിവിടങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സീറ്റുകളിലുമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്.