ടാഗോറിലേക്ക് വന്നാല്‍ മെട്രോയില്‍ കയറാം
കേരളീയത്തിന്റെ പ്രധാന വേദികളില്‍ ഒന്നായ ടാഗോര്‍ ഹാളിലേക്ക് വരൂ. വിര്‍ച്വല്‍ റിയാലിറ്റി ഒരുക്കിയ ആറു മിനുട്ട് മെട്രോ ട്രെയിന്‍ യാത്ര ആസ്വദിക്കാം. ‘ദി ഫോര്‍ത്ത് എസ്റ്റേറ്റ് ആന്‍ഡ് ബിയോണ്ട്’ എന്ന പേരില്‍ പരമ്പരാഗത- നവമാധ്യമ രീതികളെ പരിചയപ്പെടുത്തുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ പ്രദര്‍ശനമാണ് മെട്രോ സഞ്ചാരം ഒരുക്കുന്നത്.തലയില്‍ വി.ആര്‍ ഹെഡ്സെറ്റും ഇരു കൈകളില്‍ കണ്‍ട്രോളറുകളുമായി നേരെ മെട്രോ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍ പോകാം. ടിക്കറ്റ് എടുത്തു എസ്‌കേലേറ്റര്‍ കയറി ചെക്കിംഗ് പോയിന്റില്‍ എന്‍ട്രി ആയ ശേഷം പച്ച വരയിലൂടെ നടന്നാല്‍ നേരെ പ്ലാറ്റ്ഫോമിലേക്ക്. ഇടയിലുള്ള സുരക്ഷാ പരിശോധനാ സ്ഥലങ്ങളില്‍ കൈയിലെ ടിക്കറ്റ് സൈ്വപ് ചെയ്താല്‍ അനുമതി ആയി. ശേഷം ട്രെയിനില്‍ യാത്ര ചെയ്ത് അടുത്ത സ്റ്റേഷനില്‍ ഇറങ്ങാം.വി.ആറിന്റെ ഗംഭീരമായ ഈ അനുഭവം ഒരുക്കിയിരിക്കുന്നത് കളമശ്ശേരി ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് എക്സ്.ആര്‍ ഹൊറൈസണ്‍ ആണ്. പവലിയനില്‍ എത്തുന്ന ആളുകളില്‍ ഏറെ പേര്‍ക്കും പ്രിയപ്പെട്ടതാകുന്നത് ഈ വി.ആര്‍ അനുഭവം തന്നെ.വിര്‍ച്വല്‍ റിയാലിറ്റിയുടെ മറ്റൊരു അനുഭവം ഒരുക്കുന്ന ന്യൂസ് സ്റ്റുഡിയോയും പ്രദര്‍ശനത്തിലുണ്ട്. ഇവിടെ ടെലിപ്രോമ്പ്റ്ററില്‍ വാര്‍ത്ത വായിക്കുന്ന സന്ദര്‍ശകരുടെ വീഡിയോ പശ്ചാത്തലമായി വിമാനം, ട്രെയിന്‍, കെ.എസ്.ആര്‍.ടി.സി ബസ് എന്നിവ മാറി മാറി വരും. കേരളത്തിലെ മാധ്യമ പുരോഗതിയുടെ നാള്‍വഴികള്‍, വാര്‍ത്താ നിമിഷങ്ങള്‍, വികസനത്തിന്റെ അതുല്യ വഴികള്‍ എന്നിവയുടെ പ്രദര്‍ശനങ്ങളും രാജ്യാന്തര ഫോട്ടോ, മാധ്യമ ഉപകരണങ്ങളുടെ പ്രദര്‍ശനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയകാല ടൈപ്പ്റൈറ്റര്‍, ക്യാമറ, മലയാളത്തിലെ ആദ്യകാല പത്രങ്ങളായ രാജ്യസമാചാരം, പശ്ചിമോദയം, ഭാഷാപോഷിണി, വിദ്യാവിലാസിനി, ജ്ഞാന നിക്ഷേപം തുടങ്ങിയവയുടെ ആദ്യകാല ലക്കങ്ങള്‍, ഒ.വി വിജയന്‍, ആര്‍. ശങ്കര്‍, അരവിന്ദന്‍ തുടങ്ങിയ പ്രമുഖരുടെ കാര്‍ട്ടൂണുകള്‍, അന്താരാഷ്ട്ര മാധ്യമങ്ങളിലെ കേരളത്തെ സംബന്ധിച്ച വാര്‍ത്തകള്‍, പ്രമുഖ ഫോട്ടോഗ്രാഫറായ നിക് ഉട്ടിന്റെ ചിത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനം, കേരളപ്പിറവി സമയത്തെ അത്യപൂര്‍വ്വ പത്ര കട്ടിങ്ങുകള്‍, 23 മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ, പ്രശസ്ത മുദ്രാവാക്യ ചരിത്രങ്ങള്‍, കോമിക് ബുക്ക് ഡിജിറ്റല്‍ ആര്‍ട്ട്, എന്‍എഫ്ടി ആര്‍ട്ട് തുടങ്ങിയ ഒട്ടേറെ സവിശേഷതകളാണ് മീഡിയ പവലിയനില്‍ ഒരുക്കിയിരിക്കുന്നത്.പോര്‍ച്ചുഗീസ്, ഡച്ച് ഭാഷകളില്‍ നിന്നും മലയാളം സ്വീകരിച്ച വാക്കുകളാണ് മറ്റൊരു ആകര്‍ഷണം. Cadeira, Chave, Toalha എന്നീ പോര്‍ച്ചുഗീസ് പദങ്ങളില്‍ നിന്നാണ് നമ്മുടെ കസേരയും ചാവിയും തൂവാലയും വന്നത്.. Kakhuis, Koffie എന്നീ ഡച്ച് വാക്കുകളില്‍ നിന്നും കക്കൂസും കാപ്പിയും. ഇങ്ങനെ നിരവധിയായ കൗതുക വിവരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.സബിന്‍ ഇക്ബാലാണ് ദി ഫോര്‍ത്ത് എസ്റ്റേറ്റ് ആന്‍ഡ് ബിയോണ്ടിന്റെക്യുറേറ്റര്‍.