വര്‍ണപ്രഭയില്‍ മുങ്ങിക്കുളിച്ച് കേരളീയം
തിരുവനന്തപുരം : കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ വര്‍ണപ്രപഞ്ചമൊരുക്കിയ കേരളീയത്തിന്റെ അലങ്കാരദീപങ്ങള്‍ കാണാന്‍ വന്‍ ജനത്തിരക്ക്.
കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, മ്യൂസിയം കോമ്പൗണ്ട്, ടാഗോര്‍ തിയറ്റര്‍, സെക്രട്ടേറിയറ്റ്, അനക്സ്, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാര്‍ക്ക്, നായനാര്‍ പാര്‍ക്ക് എന്നീ വേദികള്‍ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുത ദീപങ്ങളാലാണ് അലങ്കരിച്ചിട്ടുള്ളത്.
പരിപാടിയുടെ പ്രധാന വേദികളിലൊന്നായ കനകക്കുന്നില്‍ പ്രത്യേകമായി ആവിഷ്‌കരിച്ച ദീപാലങ്കാരമാണ് സ്ഥാപിച്ചിരിക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മ്യൂസിയത്തില്‍ മൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങളാണുള്ളത്.
സെക്രട്ടറിയേറ്റിന്റെ നിര്‍മാണ ചാരുത വിളിച്ചറിയിക്കുന്ന തരത്തില്‍ വിവിധ നിറങ്ങളും വെളിച്ചവും സമന്വയിപ്പിച്ചാണ് ദീപാലങ്കാരം ഒരുക്കിയിട്ടുള്ളത്.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ബലൂണുകള്‍ രാത്രിക്കാഴ്ചയ്ക്ക് കൂടുതല്‍ ഭംഗി പകരും. പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കില്‍ വിവിധതരം പൂക്കളുടെ ആകൃതിയിലാണ് ദീപാലങ്കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്.