റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വില്‍ക്കാന്‍ വാള്‍ട്ട് ഡിസ്നി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
മുംബൈ: ഡിസ്നി ഇന്ത്യയുടെ മേജര്‍ ഓഹരികള്‍ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വില്‍ക്കാന്‍ വാള്‍ട്ട് ഡിസ്നി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. റിലയന്‍സ് ഏറ്റെടുത്താലും ന്യൂനപക്ഷ ഓഹരി വിഹിതം ഡിസ്നി സ്റ്റാറില്‍ നിലനിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.റിലയന്‍സ് ജിയോ ടിവി, ജിയോ സിനിമ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഡിസ്നി ഇന്ത്യയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിനെ പ്രതിസന്ധിയിലാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെയാണ് ഡിസ്നി നിയന്ത്രിത ഓഹരികള്‍ വിറ്റഴിച്ചേക്കുമെന്ന വാർത്തകൾ വരുന്നത്. വാള്‍ട്ട് ഡിസ്നിക്കു നിയന്ത്രണമുള്ള ഡിസ്നി സ്റ്റാര്‍ ബിസിനസിന്‍റെ ഓഹരിയാണ് റിലയന്‍സിന് വില്‍ക്കാന്‍ ഒരുങ്ങുന്നത്. 1000 കോടി ഡോളറിന്‍റെ ഇടപാടാണ് നടക്കാന്‍ സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ.അതേസമയം, റിലയന്‍സ് ആസ്തിയുടെ മൂല്യം 700 കോടി ഡോളറിനും 800 കോടി ഡോളറിനും ഇടയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യന്‍ ബിസിനസ് വിഭാഗത്തെ റിലയന്‍സ് ഏറ്റെടുക്കുന്ന കാര്യം ഇരു കമ്പനികളും ചേര്‍ന്ന് നവംബറില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റെടുക്കലിന്‍റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ചില മാധ്യമ യൂണിറ്റുകള്‍ ഡിസ്നി സ്റ്റാറില്‍ ലയിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഡിസ്നിയും റിലയന്‍സും പ്രതികരിച്ചിട്ടില്ല.