നവരാത്രിയുടെ സമാപനമായ മഹാനവമി പൂജയും ആഘോഷവും ഇന്ന് നടക്കും
തിരുവനന്തപുരം: നവരാത്രിയുടെ സമാപനമായ മഹാനവമി പൂജയും ആഘോഷവും ഇന്ന് നടക്കും. ദുര്‍ഗാഷ്ടമി ദിനമായ ഇന്നലെ ക്ഷേത്രങ്ങളിലെല്ലാം ദര്‍ശനത്തിന് തിരക്കായിരുന്നു. നാളെ പൂജയെടുപ്പും തുടര്‍ന്ന് കുട്ടികള്‍ക്കുളള വിദ്യാരംഭവുമായി വിജയദശമി ആഘോഷദിനമാണ്. ഇന്നലെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലെ സരസ്വതിദേവിയെ തൊഴാന്‍ പുലര്‍ച്ച മുതല്‍ ഭക്തജനത്തിരക്കായിരുന്നു. സരസ്വതിയെ തൊഴുത ഭക്തര്‍ ആര്യശാലയിലും ചെന്തിട്ടയിലെയും ക്ഷേത്രങ്ങളില്‍ പൂജയ്ക്കിരുത്തിയ നവരാത്രി വിഗ്രഹങ്ങളെയും വണങ്ങി. മഹാനവമിയായ തിങ്കളാഴ്ചയും വിദ്യാരംഭം നടക്കുന്ന ചൊവ്വാഴ്ചയും വന്‍തിരക്കാണ് പ്രതീക്ഷിക്കുന്നത്. 800 ഓളം കുട്ടികളെ നവരാത്രിമണ്ഡപത്തിലും 2000ത്തോളം പേര്‍ക്ക് പൂജപ്പുര സരസ്വതിമണ്ഡപത്തിലും എഴുത്തിനിരുത്തും. സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച പൂജവച്ചു. വിവിധ ക്ഷേത്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പുസ്തകവും എഴുത്തുപകരണങ്ങളും പൂജയ്ക്ക് നല്‍കി.വിവിധ സംസ്ഥാനങ്ങളില്‍ പലവിധമാണ് നവരാത്രി ആഘോഷങ്ങള്‍.പരമ്പരാഗത ഗുജറാത്തി നൃത്തരൂപമായ ഗര്‍ബയാണ് ഗുജറാത്തില്‍ പ്രധാനം. ഗര്‍ബയോടൊപ്പം സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ദണ്ഡിയ നൃത്തം ചെയ്യുന്നു.ബംഗാളിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും നവരാത്രിക്ക് പ്രധാനം ദുര്‍ഗാ പൂജയാണ്. ജാതിമത വ്യത്യാസമില്ലാതെ, ആഘോഷത്തില്‍ പങ്കെടുക്കുവാനും കാഴ്ചകള്‍ ആസ്വദിക്കാനും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് നിരവധി സഞ്ചാരികളും എത്താറുണ്ട്.കേരളത്തില്‍ ദേവീ പ്രാര്‍ത്ഥനയുടെ ദിവസമാണ് മഹാനവമി. ആയുധ പൂജയും പ്രധാനം.ക്ഷേത്രങ്ങളിലൊരുക്കിയ പുസ്തക പൂജ മണ്ഡപങ്ങളില്‍ ഇന്ന് പ്രത്യേകം പൂജകള്‍ നടക്കും. നാളെയാണ് വിജയദശമി.