അമൃത് കലശ് യാത്ര നടത്തി
വെങ്ങാനൂർ: “മേരി മാട്ടി മേരി ദേശ്” എന്ന ക്യാമ്പയിൻ്റെ ഭാഗമായി നടക്കുന്ന അതിയന്നൂർ ബ്ലോക്ക് ലെവൽ അമൃത് കലശ് യാത്ര വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അത്തിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൽ. റാണി ഉദ്ഘാടനം ചെയ്തു.സ്വതന്ത്ര ഇന്ത്യയുടെ 75- ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഒന്നര വർഷമായി രാജ്യത്ത് നടന്ന ആസാദി ക അമൃത് മഹോത്സവ് എന്ന പരിപാടിയുടെ സമാപനമാണ് “മേരി മാട്ടി മേര ദേശ്” (എൻ്റെ മണ്ണ് എൻ്റെ രാജ്യം).സ്വതന്ത്ര സേനാനികളെയും ജനിച്ച മണ്ണിനെയും സ്മരിക്കുന്നതിനും, ആദരിക്കുന്നതിനുമുള്ള പരിപാടിയുടെ ആപ്തവാക്യം “മട്ടി ക നമൻ വീരോം ക വന്ദൻ”(മണ്ണിന് വന്ദനം വീരന്മാർക്ക് വന്ദനം) എന്നതായിരുന്നു.ഗ്രാമങ്ങളിൽ നിന്നും ശേഖരിച്ച മണ്ണും, വൃക്ഷ തൈകളും ഡൽഹിയിലെത്തിച്ച് കർത്തവ്യപഥിൽ അമൃത് വാടിക (അമൃത് ഉദ്യാൻ) ഒരുക്കുകയാണ് ലക്ഷ്യം.മേരി മാട്ടി മേരി ദേശ് ക്യാമ്പയിൻ്റെ ആദ്യ പടിയായി ഓഗസ്റ്റ് 9 മുതൽ 15 വരെ രാജ്യത്തിൻ്റെ എല്ലാ വില്ലേജ് പഞ്ചായത്തുകളിലും 75 വൃക്ഷത്തൈകൾ നട്ടു. രണ്ടാമത്തെ ഘട്ടമാണ് ഇപ്പോൾ നടത്തുന്നത്, ഇതിൻ്റെ ഭാഗമായി സെപ്റ്റംബർ 1 മുതൽ 30 വരെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ച് കലശങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. ഒക്ടോബർ അവസാനം ഈ കലശങ്ങൾ ഡൽഹിയിൽ എത്തിക്കും. രാജ്യത്തിന് വേണ്ടി വീര മരണം വരിച്ച ദേശാഭിമാനികളുടെ ഓർമയ്ക്കായി ഒരു അമൃത് വാടിക (ഉദ്യാനം) ഈ കലശങ്ങളിലെ മണ്ണ് കൊണ്ട് നിർമിക്കുകയും ചെയ്യും.ഈ പദ്ധതിയുടെ ബ്ലോക്ക് ലെവൽ പരിപാടിയാണ് അതിയന്നൂരിൽ നടന്നത്. വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ പ്രേം. എച്ച്. കുമാർ, സി. ഐ. എസ്. എഫ് ഇൻസ്പെക്ടർ സന്ധ്യ, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ അശ്വതി തുടങ്ങിയവർ പരിപടിയിൽ പങ്കെടുത്തു.