ഫലസ്തീനുമേല്‍ ഇസ്രായേൽ സൈന്യം നടത്തിവരുന്ന കിരാതമായ ആക്രമണത്തില്‍ മരണം 4,300
ഗസ്സ: ഫലസ്തീനുമേല്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിവരുന്ന കിരാതമായ ആക്രമണത്തില്‍ മരണം 4,300. 24 മണിക്കൂറിനുള്ളില്‍ ഫലസ്തീനില്‍ 100 ഓളം ബോംബുകള്‍ വര്‍ഷിച്ചതായാണ് കണക്ക്. അല്‍ ഔജ, സഫഖിയ, നൂറുശ്ശംസ് പോലുള്ള ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യംവച്ചാണ് ആക്രമണങ്ങളുണ്ടായത്. രാത്രിയിലുടനീളം ഗസ്സയില്‍നിന്ന് സ്‌ഫോടന ശബ്ദങ്ങള്‍ തുടര്‍ച്ചയായി കേട്ടുകൊണ്ടിരുന്നതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 4,300 ആയി. ഇതില്‍ 4,150 മരണവും ഗസ്സയില്‍ മാത്രമാണ്. 14,400 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ 13,000 പേരും ഗസ്സ നിവാസികളാണ്. ഖാന്‍യൂനുസിലെ മാത്രം ആറു ജനവാസ കെട്ടിടങ്ങളില്‍ ബോംബിട്ടു. 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും 80 പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു. നൂറുശ്ശംസില്‍ ഏഴുകുട്ടികളടക്കം 13 പേരും കൊല്ലപ്പെട്ടു.അതേസമയം ഇസ്‌റാഈലിന്റെ ആക്രമണവും ഉപരോധവും ഒറ്റപ്പെടുത്തലുംമൂലം കൊടിയ മാനുഷികദുരന്തത്തിലേക്ക് പോകുന്ന ഗസ്സയിലേക്കുള്ള സഹായഹസ്തം എത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ഗസ്സയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഈജിപ്തില്‍നിന്നുള്ള റഫാ അതിര്‍ത്തി ഇന്നലെ തുറക്കുമെന്ന് റിപ്പോര്‍ട്ട് ഉണാടയെങ്കിലും അത് തുറന്നില്ല. അതിര്‍ത്തി തുറക്കുന്നതും കാത്ത് 175 ട്രക്കുകളാണ് കാത്തുകിടക്കുന്നത്. ഭക്ഷണം, മരുന്ന്, വെള്ളം, ഇന്ധനം ഉള്‍പ്പെടെയുള്ളവയാണ് ഇവയിലുള്ളത്. ഇന്നല്ലെങ്കില്‍ അടുത്ത ദിവസം ഇവ ഗസ്സയിലെത്തിക്കുമെന്ന് യു.എന്‍ വക്താവ് അറിയിച്ചു. മേഖലയില്‍ വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ തയാറായാല്‍ മാത്രമെ അതിര്‍ത്തി തുറക്കാനാകൂ. ഇന്നലെ റഫ അതിര്‍ത്തിയിലെത്തിയ യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ്, സഹായവസ്തുക്കള്‍ എത്രയും വേഗം ഗസ്സയിലെത്തണമെന്ന് ആവശ്യപ്പെട്ടു.