കേരളീയം ആഘോഷരാവുകള്‍ വിളിച്ചറിയിച്ച് ഫ്ളാഷ് മോബ്
നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ പ്രചാരണാര്‍ഥം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച ഫ്ളാഷ് മോബ് അരങ്ങേറി. ഡാന്‍സ് വൈബ്സ് എന്ന പേരിലുള്ള ഫ്ളാഷ് മോബ് കേരളീയം സംഘാടകസമിതിയാണ് ഒരുക്കിയിരിക്കുന്നത്. കോളേജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം (സി.ഇ.ടി), വേളി ടൂറിസം വില്ലേജ്, ശംഖുമുഖം ബീച്ച്, മാനവീയം വീഥി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്.പൂജപ്പുര എല്‍.ബി.എസ് എന്‍ജിനീയറിങ് കോളേജിലെ 17 അംഗ വിദ്യാര്‍ഥിനി സംഘത്തിന്റെ നേതൃത്വത്തിലാണ് ഫ്ളാഷ് മോബ് അവതരിപ്പിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്ളാഷ് മോബിനായി പ്രൊഫഷണല്‍ നര്‍ത്തകരായ ശരത് സുന്ദര്‍, ഗോകുല്‍ ജെ, ജോമോന് എന്നിവരാണ് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചത്.