രണ്ടാം പിണറായി സർക്കാരിനെതിരെ സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് : ഭരണസിരാകേന്ദ്രം സ്തംഭിച്ചു

Spread the love

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് തുടക്കമിട്ട് യു.ഡി.എഫ്. സെക്രട്ടേറിയറ്റ് ഉപരോധത്തോടെ തലസ്ഥാന നഗരി അപ്പാടെ സ്തംഭിച്ചു. സെക്രട്ടേറിയറ്റിലേക്കുള്ള മുഴുവന്‍ വഴികളും പൊലീസ് അടച്ചിട്ടു. സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം പാടേ നിശ്ചലമായി. എം.ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷന്‍, തമ്പാനൂര്‍ എന്നീ ഭാഗങ്ങളില്‍ വന്‍ ഗതാഗത കുരുക്കനുഭവപ്പെട്ടു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തനെയും പൊലീസ് തടഞ്ഞു. ഉപദേഷ്ടാവെന്ന് മാധ്യമപ്രര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ദത്തനെ പൊലീസ് കടത്തിവിട്ടത്. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള സെക്രട്ടറിയേറ്റിലേക്കുള്ള എല്ലാ വഴികളും യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്.കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ‘സര്‍ക്കാരല്ലിത് കൊള്ളക്കാര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. ആയിരത്തി അഞ്ഞുറോളം പൊലീസുകാരെയാണ് തലസ്ഥാന നഗരത്തില്‍ സുരക്ഷയ്ക്കായി വിന്യസിപ്പിച്ചിരിക്കുന്നത്സര്‍ക്കാരിനെതിരായ അഴിമതി, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സമരം. വി.ഡി സതീശന്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്യുമെനും 140 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധം പ്രതിഫലിക്കുമെന്നും സതീശന്‍ പറഞ്ഞു. കഴിഞ്ഞ ഏഴരക്കൊല്ലക്കാലമായി ഈ ജനവിരുദ്ധ സര്‍ക്കാരിനെ സഹിച്ച ജനങ്ങള്‍ അവരുടെ മനസ്സില്‍ വിചാരണ ചെയ്യുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതു സര്‍ക്കാരല്ല കൊള്ളക്കാരാണ് എന്നാണ് പ്രതിപക്ഷം പറയുന്നതെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *