മീനാങ്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ മെമ്പർ ഷിപ്പ് ക്യാമ്പയിൻ ഡോക്ടർ. ബിജുരമേശ്‌ ഉത്ഘാടനം നിർവഹിക്കുന്നു

Spread the love

ഡോ. ബിജു രമേശ്‌ തിരുവനന്തപുരത്ത് ഉദ്ഘാടനം നിർവഹിച്ചു

സിപിഐ വിലക്ക് ലംഘിച്ച് രൂപീകരിച്ച മീനാങ്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

തിരുവനന്തപുരം : ജനുവരി 8 : സിപിഐ രാഷ്ട്രീയ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് രൂപീകരിച്ച മീനാങ്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി.
തിരുവനന്തപുരത്ത് രാജധാനിയിൽ രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ & മാനേജിങ് ഡയറക്ടർ ഡോ. ബിജു രമേശ്‌ ഉദ്ഘാടനം നിർവഹിച്ചു.

മീനാങ്കൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണത്തിന്റെ ഭാഗമായി സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി ജില്ല സെക്രട്ടറിയുമായിരുന്ന മീനാങ്കൽ കുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ട്രസ്റ്റിന്റെ രൂപീകരണ യോഗത്തിൽ നിന്നും പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ വിലക്കുകൾ അതിജീവിച്ച് നൂറു കണക്കിന് പ്രവർത്തകരും അംഗങ്ങളും പങ്കുചേർന്ന യോഗത്തിൽ രൂപീകരിച്ച മീനാങ്കൽ ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന നിലയിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. സിപിഐ യ്ക്ക് എതിരെയുള്ള സമാന്തര സംഘടനയായി ചിത്രീകരിച്ചാണ് സിപിഐ നേതൃത്വം മീനാങ്കൽ കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിച്ചത്.

ട്രസ്റ്റ് ചെയർമാൻ മീനാങ്കൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ആദ്യ മെമ്പർഷിപ്പ് അരുവിക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ കളത്തറ മധുവിന് നൽകി. യോഗത്തിൽ ട്രസ്റ്റ് ഭാരവാഹികളും ഡയറക്ടർ ബോർഡ് അംഗങ്ങളുമായ എൻ രാജേന്ദ്രബാബു, ടി. ജി പ്രതാപ്, പി അശോക് കുമാർ, വട്ടിയൂർക്കാവ് ബി ജയകുമാർ, പ്രദീപ്‌ കാച്ചാണി, വി. ചന്ദ്ര ബാബു, കവടിയാർ സുരേഷ്, സിറാജ്, സാജൻ പുലരി, ബിനു സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ പതിനായിരം അംഗങ്ങളെ ചേർത്തുകൊണ്ട് ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ മേഖലകൾ ഉൾപ്പടെ സമസ്ത മേഖലയിലും ഇടപെടുന്ന പൊതു പ്രസ്ഥാനമാക്കി ട്രസ്റ്റിന്റെ പ്രവർത്തനത്തെ മാറ്റുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ പാവപ്പെട്ട ജനതയ്ക്ക് തണലും താങ്ങുമായി ട്രസ്റ്റ് മാറുമെന്ന് ചെയർമാൻ മീനാങ്കൽ കുമാർ പറഞ്ഞു.

ഫെബ്രുവരി ആദ്യ വാരത്തിൽ ആര്യനാട് ട്രസ്റ്റിന്റെ ഓഫീസ് കേന്ദ്രവും ട്രസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടന പരിപാടിയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ട്രസ്റ്റ് പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ജനുവരി 10 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആര്യനാട് എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ ജനറൽ ബോഡി യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *