സംസ്ഥാനത്ത് ഏലം വില ഇടിവിലേക്ക് വീഴുന്നു
സംസ്ഥാനത്ത് ഏലം വില ഇടിവിലേക്ക് വീഴുന്നു. ഒന്നര മാസം മുൻപ് വരെ 2,300 രൂപ വരെയാണ് ഏലം വില കുതിച്ചുയർന്നത്. എന്നാൽ, ഒരു മാസം കൊണ്ട് 500 രൂപയിലേറേയാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. വില ഉയരുമെന്ന് പ്രതീക്ഷിച്ച് നിരവധി വ്യാപാരികൾ ഏലം സംഭരിച്ചിരുന്നു. ഇതോടെ, വ്യാപാരികളും ഏലം കർഷകരും പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിൽ, പരമാവധി 1800 രൂപ വരെയാണ് ഏലത്തിന്റെ ശരാശരി വില.കഴിഞ്ഞ ദിവസം സുഗന്ധഗിരി സ്പൈസസ് പ്രമോട്ടേഴ്സ് ആൻഡ് ട്രേഡേഴ്സിന്റെ നേതൃത്വത്തിൽ ലേലം നടത്തിയിരുന്നു. ഈ ലേലത്തിൽ ഏലത്തിന് ലഭിച്ച ശരാശരി വില 1,748 രൂപയും, ഉയർന്ന വില 2,506 രൂപയുമായിരുന്നു. 223 ലോട്ടുകളിലായി വിൽപ്പനയ്ക്ക് എത്തിയ 70,069 കിലോ ഏലത്തിൽ 65,446 കിലോ ഏലമാണ് ലേലത്തിൽ വിറ്റുപോയത്. ഏതാനും മാസങ്ങൾക്കു മുൻപ് വരെ ഏലം വില കുതിച്ചുയർന്നതോടെ ഏലം കർഷകർ വലിയ രീതിയിലാണ് വിപണിയിൽ പ്രതീക്ഷയർപ്പിച്ചത്.കോവിഡിന് ശേഷം ഏലം വില കുത്തനെ ഇടിഞ്ഞിരുന്നു. നിരവധി തരത്തിലുള്ള പരിശ്രമങ്ങൾക്കൊടുവിലാണ് ഈ വർഷം ഏലം വിപണി തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തിയത്. എന്നാൽ, കാലവർഷം ദുർബലമാകുകയും കാലാവസ്ഥാ വ്യതിയാനം മൂലം ഉൽപ്പാദനം 50 ശതമാനത്തിലേറെ കുറയുകയും ചെയ്തത് കർഷകർക്ക് തിരിച്ചടിയായിരുന്നു. എങ്കിലും പരമാവധി ഏലം വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ കർഷകർ നടത്തിയിട്ടുണ്ട്.